യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്ക് ഇന്ത്യയും; അംഗത്വം മൂന്നു വർഷത്തേക്ക്

ജനീവ∙ ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിലിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യ–പസഫിക് വിഭാഗത്തിൽ 188 വോട്ടുകൾ നേടിയാണ് ഇന്ത്യ കൗൺസിലിലെത്തിയത്. 2019 ജനുവരി ഒന്ന് മുതൽ മൂന്നു വർഷത്തേക്കാണ് അംഗത്വം.

യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്കു പുതിയ അംഗങ്ങളെ കണ്ടെത്തുന്നതിനാണ് 193 അംഗ യുഎൻ ജനറൽ അസംബ്ലിയിൽ തിരഞ്ഞെടുപ്പ് നടത്തിയത്. രഹസ്യ ബാലറ്റ് സ്വഭാവമുള്ള തിരഞ്ഞെടുപ്പിൽ 18 പുതിയ അംഗങ്ങളും ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. കൗൺസിൽ അംഗത്വം ലഭിക്കാൻ കുറഞ്ഞത് 97 വോട്ടുകളാണ് രാജ്യങ്ങൾക്കു വേണ്ടത്. ഏഷ്യ പസഫിക് മേഖലയിൽനിന്ന് ഇന്ത്യയ്ക്കു പുറമെ ബഹ്റൈൻ, ബംഗ്ലദേശ്, ഫിജി, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളും അംഗത്വത്തിനായി ശ്രമിച്ചിരുന്നു. 

നേട്ടത്തിൽ എല്ലാവർക്കും നന്ദി അറിയിക്കുന്നതായി യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ സയിദ് അക്ബറുദീൻ ട്വീറ്റ് ചെയ്തു. തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയതും ഇന്ത്യയാണെന്ന് അദ്ദേഹം വ്യക്തമാക്കി.