200 കോടിയുടെ എംഡിഎംഎ കടത്തിനുപിന്നില്‍ മലേഷ്യന്‍ മാഫിയ; വലവിരിച്ച് എക്സൈസ്

കൊച്ചി∙ 200 കോടി രൂപയുടെ എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിനു പിന്നില്‍ മലേഷ്യ കേന്ദ്രീകരിച്ചുള്ള രാജ്യാന്തര ലഹരികടത്ത് സംഘമെന്നു വിവരം. ചെന്നൈയ്ക്കു സമീപമുള്ള ട്രിപ്ലികെയ്ൻ ആണ് ഈ സംഘത്തിന്റെ പ്രവര്‍ത്തനമേഖല. അതിനിടെ കഴിഞ്ഞദിവസം അറസ്റ്റിലായ മുഖ്യപ്രതികളില്‍ ഒരാളായ പ്രശാന്തില്‍നിന്നാണ് എക്സൈസിനു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. മലേഷ്യയിലെ ഉന്നതരുടെ നിയന്ത്രണത്തിലുള്ള സംഘമാണ് ഇതിനു പിന്നില്‍. തമിഴ് വംശജനായ മലേഷ്യയിലെ രാഷ്ട്രീയ നേതാവിനു കൊച്ചി വഴിയുള്ള ലഹരികടത്തില്‍ പങ്കുണ്ടെന്ന സൂചനയാണ് എക്സൈസിനു ലഭിച്ചിരിക്കുന്നത്.

മൈലാപ്പൂരിനും എഗ്മൂറിനും ഇടയിലുള്ള ട്രിപ്ലികെയ്നിലെ ഒരു ചേരിയിലാണ് ഈ ലഹരിമാഫിയയുടെ പ്രവര്‍ത്തനമേഖല. തീരപ്രദേശത്തുനിന്ന് അരകിലോമീറ്റര്‍ മാത്രമാണ് ഇവിടേയ്ക്കുള്ള ദൂരം. കടല്‍മാര്‍ഗം പോലും ലഹരികടത്ത് അനായാസം നടത്താന്‍ കഴിയും. അലി മുഹമ്മദ് എന്നയാളാണ് ഈ ലഹരികടത്ത് സംഘത്തിന്റെ തലവനെന്ന് എക്സൈസിനു വിവരം ലഭിച്ചു.

ചെന്നൈയില്‍നിന്നു കൊറിയര്‍ സര്‍വീസ് വഴിയാണു ലഹരിമരുന്ന് കൊച്ചിയിലേക്ക് എത്തിക്കുന്നത്. ഇവിടെനിന്നു വിമാനമാര്‍ഗം വിദേശത്തേക്കു കടത്തുകയാണു ലക്ഷ്യം. കഴിഞ്ഞ ദിവസം അറസ്റ്റിലായ കണ്ണൂര്‍ സ്വദേശിയായ പ്രശാന്ത്കുമാര്‍ പ്രധാന ഇടനിലക്കാരനാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണു പ്രതീക്ഷ. പക്ഷേ, ലഹരിമാഫിയയുടെ നിയന്ത്രണത്തിലുള്ള ട്രിപ്ലികെയ്നിലേയ്ക്ക് എത്തിപ്പെടുക എക്സൈസിന് അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ.

ലഹരിമരുന്ന് കണ്ടെത്തിയ സംഭവത്തിനു പിന്നിൽ കൂടുതൽ പേർക്കു പങ്കെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. മുഖ്യപ്രതികളായ അലിക്കും പ്രശാന്തിനുമൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി ലോഡ്ജ് ഉടമയാണു അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. പ്രതികൾ മൂന്നു തവണ ലോഡ്ജിൽ മുറിയെടുത്തു താമസിച്ചിരുന്നതായാണു വിവരം. പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് ലോഡ്ജ് ഉടമ ഇക്കാര്യം സ്ഥിരീകരിച്ചത്.