എടിഎം കവര്‍ച്ചാ പരമ്പരയുടെ ദൃശ്യങ്ങൾ പുറത്ത്; പിന്നിൽ ഒരേ സംഘം?

കൊരട്ടി എടിഎമ്മിൽ കവർച്ച നടത്തിയ സംഘത്തിലെയാൾ സിസിടിവി ക്യാമറയിൽ കുടുങ്ങിയപ്പോൾ.

കൊച്ചി∙ മധ്യകേരളത്തില്‍ നടന്ന എടിഎം കവര്‍ച്ചാപരമ്പരയ്ക്കു പിന്നിൽ പ്രഫഷനൽ സംഘമെന്നു പൊലീസ്. രണ്ടു മോഷണങ്ങള്‍ തമ്മില്‍ സമാനതകളേറെയുണ്ടെന്നു വിലയിരുത്തിയിട്ടുണ്ട്. രണ്ടിടത്തും സിസിടിവി ക്യാമറ പെയിന്‍റടിച്ചു മറച്ചിരുന്നു. മോഷണശേഷം രണ്ടിടത്തും ഷട്ടറുകള്‍ താഴ്ത്തിയിട്ടു. സംഘത്തില്‍ മൂന്നുപേരുണ്ടെന്നാണു നിഗമനം. ഒരാള്‍ കാറിലിരിക്കുകയായിരുന്നു. എടിഎം തകര്‍ത്ത് 10 മിനിറ്റിനുള്ളില്‍ പണവുമായി മടങ്ങി.

പുലര്‍ച്ചെ 4.50നാണു കൊരട്ടിയില്‍ മോഷണം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മനോരമന്യൂസിനു ലഭിച്ചു. മോഷ്ടാവിന്റെ മുഖവും മോഷണം നടന്ന സമയവും ഇതില്‍ വ്യക്തമാണ്. മുഖം ഭാഗികമായി മറച്ച മോഷ്ടാവിന്‍റെ കൈയില്‍ സ്പ്രേ പെയിന്‍റ് ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ചാണ‌ു മോഷ്ടാവ് സിസിടിവി മറച്ചത്. ഒരു സിസിടിവി ക്യാമറ മറച്ചെങ്കിലും രണ്ടാമത്തെ ക്യാമറയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞു. ഒരേ സംഘമാണു മോഷണത്തിനു പിന്നിലെന്നാണു പൊലീസിന്റെ നിഗമനം.

എറണാകുളം ഇരുമ്പനത്തും തൃശൂര്‍ കൊരട്ടിയിലും എടിഎം തകര്‍ത്ത് 35 ലക്ഷം രൂപയാണ് കവര്‍ന്നത്. കോട്ടയം വെമ്പള്ളിയില്‍ എടിഎമ്മില്‍ മോഷണശ്രമമുണ്ടായി. കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം തകര്‍ത്ത് 25 ലക്ഷം രൂപയാണ് മോഷ്ടിച്ചത്. ഇരുമ്പനത്ത് എസ്ബിഐ എടിഎമ്മില്‍നിന്ന് 10 ലക്ഷം രൂപ നഷ്ടമായി.

രണ്ടുസ്ഥലത്തെയും കവർച്ചയില്‍ സാമ്യമുണ്ടോയെന്ന് പരിശോധിക്കുന്നതായി എറണാകുളം സിറ്റിപൊലീസ് കമ്മിഷണര്‍ എം.പി. ദിനേശ് പറഞ്ഞു.