മന്ത്രിമാരുടെ വിദേശയാത്ര: സര്‍ക്കാര്‍ നല്‍കിയത് തട്ടിക്കൂട്ട് സംഘടനകളുടെ ക്ഷണപത്രം

എറണാകുളത്തെ പ്രളയക്കാഴ്ച. (ഫയൽ ചിത്രം: ജോസ്കുട്ടി പനയ്ക്കൽ)

തിരുവനന്തപുരം∙ പ്രളയദുരിതാശ്വാസത്തിനു ഫണ്ട് ശേഖരിക്കാനായി വിദേശത്തു പോകാന്‍ അനുമതി തേടിയ മന്ത്രിമാരുടെ സംഘത്തിന് അനുമതി നിഷേധിച്ചതിനു പിന്നില്‍ അപേക്ഷയിലെ പോരായ്മകളും കേന്ദ്രത്തിന്റെ രാഷ്ട്രീയ നിലപാടും. ഇത്രയധികം മന്ത്രിമാര്‍ ആരുടെ ക്ഷണപ്രകാരമാണു വിദേശത്തേക്കു പോകുന്നതെന്ന് ആരാഞ്ഞ വിദേശകാര്യ മന്ത്രാലയത്തിന്, പ്രവാസി മലയാളികളുടെ പൊതുവേദിയായി സര്‍ക്കാര്‍ രൂപീകരിച്ച ലോക കേരളസഭയില്‍ പങ്കെടുത്ത ചില സംഘടനകളുടെ ക്ഷണപത്രമാണു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. ഇതില്‍ പലതും തട്ടിക്കൂട്ട് സംഘടനകളാണെന്ന റിപ്പോര്‍ട്ടാണ് എംബസികളില്‍നിന്ന് കേന്ദ്രസര്‍ക്കാരിനു ലഭിച്ചത്.

മന്ത്രിമാരായ മാത്യു ടി. തോമസിനും വി.എസ്.സുനില്‍കുമാറിനും എംബസികള്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയെങ്കിലും രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ മന്ത്രിമാരുടെ വിദേശയാത്രയ്ക്കുള്ള സാധ്യത മങ്ങി. 17 മുതല്‍ 21 വരെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ വിദേശത്തേക്കു പോകാനിരുന്നത്. നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് മാത്രമേ വിദേശത്തേക്ക് പോകാനാകൂ.

പ്രളയ ദുരന്തത്തെ അതിജീവിക്കാന്‍ ഫണ്ട് ശേഖരിക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിദേശയാത്ര തീരുമാനിച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് ഈ മാസം ആദ്യം പുറത്തിറങ്ങിയപ്പോള്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്, ആരോഗ്യമന്ത്രി കെ.കെ. ശൈലജ, വനംമന്ത്രി കെ. രാജു എന്നിവരെ ഒഴിവാക്കി. വിദേശത്തുനിന്ന് സഹായങ്ങള്‍ കേരളത്തിലേക്ക് എത്തുന്ന സാഹചര്യത്തില്‍ ഇത്രയും മന്ത്രിമാര്‍ അവിടേയ്ക്ക് പോകേണ്ടതുണ്ടോയെന്ന ചര്‍ച്ച ഉയര്‍ന്നു വന്നെങ്കിലും തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. 20 മന്ത്രിമാരില്‍ 17 പേര്‍ വിദേശത്തേക്ക് പോകുന്നതിനു തന്നെ ലക്ഷങ്ങള്‍ ചെലവ് വരും.

അമേരിക്കയിലേക്ക് പോകാനിരുന്ന മരാമത്ത് മന്ത്രി ജി. സുധാകരന്റെ സംഘത്തില്‍ 16 പേരാണ് ഉണ്ടായിരുന്നത്. ശ്രീലങ്കയിലേക്ക് പോകാനിരുന്ന എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനോടൊപ്പം പോകാനിരുന്നത് 17 അംഗസംഘം. ഇത്രയും മന്ത്രിമാര്‍ വിദേശത്തേക്ക് ഒരുമിച്ച് പോകുന്നത് ആദ്യമായാണെന്നും യാത്ര ധൂര്‍ത്തായി വ്യാഖ്യാനിക്കപ്പെടുമെന്നും പാര്‍ട്ടിക്കുള്ളില്‍തന്നെ അഭിപ്രായം ഉയര്‍ന്നെങ്കിലും തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയി.

നിയമനുസരിച്ച് യാത്ര പോകേണ്ട തീയതിക്ക് 15 ദിവസം മുന്‍പെങ്കിലും വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ നല്‍കണം. യാത്ര പോകാനായി പൊതുഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ കോപ്പി നല്‍കുന്നതിനോടൊപ്പം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. യാത്രചെയ്യുന്ന ഓരോ വ്യക്തിയും പ്രത്യേകം അപേക്ഷ നല്‍കേണ്ടതുണ്ട്. ഇങ്ങനെ ലഭിക്കുന്ന അപേക്ഷ വിദേശകാര്യമന്ത്രാലയം അതതു രാജ്യത്തെ എംബസികളിലേക്ക് അയയ്ക്കും. അവിടെനിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റു രേഖകള്‍ കൂടി പരിശോധിച്ചാണ് മന്ത്രാലയം തീരുമാനമെടുക്കുന്നത്. സ്വകാര്യ വ്യക്തികളുടേയോ സംഘടനകളുടേയോ ആതിഥ്യം സ്വീകരിക്കുന്നുണ്ടെങ്കില്‍ ഫോറിന്‍ കറന്‍സി റെഗുലേഷന്‍ അക്ട് അനുസരിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയും തേടണം. സംസ്ഥാന സര്‍ക്കാരാണ് ചെലവ് വഹിക്കുന്നതെങ്കില്‍ ഇതിന്റെ ആവശ്യമില്ല. ഈ മാസം രണ്ടാം തീയതി സര്‍ക്കാരിന്റെ അപേക്ഷ ലഭിച്ചതനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ എംബസികളുടെ അഭിപ്രായം തേടി.

മാത്യു ടി. തോമസ് 19ന് സൗദി അറേബ്യയിലും വി.എസ്.സുനില്‍കുമാര്‍ 21ന് കാനഡയിലുമാണ് സന്ദര്‍ശം നടത്താനിരുന്നത്. ഈ രാജ്യങ്ങളിലെ എംബസികളില്‍നിന്ന് അനുകൂല റിപ്പോര്‍ട്ടാണ് ലഭിച്ചതെങ്കിലും മന്ത്രാലയം അനുമതി നല്‍കിയില്ല. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ഇത്രയും മന്ത്രിമാര്‍ ഒരുമിച്ച് ഫണ്ട് ശേഖരണത്തിനായി പോകേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ഇനി അപേക്ഷ നല്‍കിയാലും ഫലമുണ്ടാകില്ല. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ഇല്ലെങ്കിലും മന്ത്രിമാര്‍ക്ക് വിദേശത്ത് പോകാം. എന്നാല്‍ നയതന്ത്ര പരിരക്ഷ ലഭിക്കില്ല. നിലവിലെ തീരുമാനമനുസരിച്ച് മുഖ്യമന്ത്രി 17-ാം തീയതി യുഎഇയില്‍ എത്തും. ഔദ്യോഗിക കൂടികാഴ്ചകള്‍ നടത്തരുതെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.