വ്യാജൻമാര്‍ക്ക് ഇനി പിടിവീഴും; ഏകീകൃത ഡ്രൈവിങ് ലൈസന്‍സുമായി കേന്ദ്രസര്‍ക്കാര്‍

Representative Image

ന്യൂഡൽഹി∙ രാജ്യത്ത് ഏകീകൃത ഡ്രൈവിങ് ലൈസന്‍സ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 2019 ജൂലൈ മാസത്തിനകം സംവിധാനം പ്രാവര്‍ത്തികമാക്കും. മൈക്രോ ചിപ്പ് അടക്കംചെയ്ത ലൈസന്‍സാണു ജനങ്ങളിലേക്കെത്തുന്നത്. രാജ്യത്തെ 25 ശതമാനം ആളുകൾ വ്യാജ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ചാണു വാഹനം ഓടിക്കുന്നതെന്നു കേന്ദ്രസര്‍ക്കാരിന്‍റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഒറ്റ ലൈസന്‍സ് നടപ്പാക്കാന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

നിറവും രൂപവും സുരക്ഷാസവിശേഷതകളും ഒന്നുതന്നെയായിരിക്കും. രാജ്യത്തെ ഏതു സംസ്ഥാനത്തെയും പൊലീസ് സംവിധാനത്തിന് ലൈസന്‍സ് ഉടമയെ കുറിച്ചുളള വിവരങ്ങള്‍ ഉടന്‍ ലഭ്യമാകുന്ന തരത്തിലാണു സംവിധാനം. സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലുളള ലൈസന്‍സില്‍ മൈക്രോ ചിപ്പ് അടക്കം ചെയ്യും. ക്യു ആര്‍ കോഡും രേഖപ്പെടുത്തും. ‌ഏതു സംസ്ഥാനക്കാരനാണെന്നും ലൈസന്‍സ് നല്‍കിയ ആര്‍ടിഒയുടെ വിവരവും രേഖപ്പെടുത്തും. 

രക്തഗ്രൂപ്പും അവയവദാനത്തിനു താല്‍പര്യം അറിയിച്ചിട്ടുണ്ടെങ്കില്‍ അതു സംബന്ധിച്ച വിശദാംശങ്ങളും സ്മാര്‍ട്ട് കാര്‍ഡിലുണ്ടാകും. പുതിയതായി ലൈസന്‍സ് എടുക്കുന്നവര്‍ക്കു മാത്രമല്ല, പുതുക്കുന്നവര്‍ക്കും പുതിയ സ്മാര്‍ട്ട് ലൈന്‍സുകളാകും വിതരണം ചെയ്യുക.