ശശിക്കു വേണ്ടി നിന്നാൽ 14 ലക്ഷം; പാർട്ടി കമ്മിഷൻ അന്വേഷിക്കും

പാലക്കാട് ∙ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിൽ പാർട്ടി അന്വേഷണം നേരിടുന്ന പി.കെ. ശശി എംഎൽഎയ്ക്ക് അനുകൂലമായി മൊഴി നൽകാൻ 14 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന ലോക്കൽ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ പാർട്ടി തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഈ വിഷയം പരിശോധിക്കാൻ കമ്മിഷനോട് ആവശ്യപ്പെട്ടെന്നാണു സൂചന. പാർട്ടി കമ്മിഷൻ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് സെക്രട്ടേറിയറ്റിൽ ചർച്ചയ്ക്ക് എത്തിയപ്പോൾ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണു പുതുശ്ശേരി ഏരിയാ കമ്മിറ്റി നൽകിയ പരാതിയെക്കുറിച്ചു സൂചിപ്പിച്ചത്. പരാതി ഗൗരവതരമാണെന്നും കമ്മിഷൻ ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചെന്നാണു സൂചന. 

പുതുശ്ശേരി ലോക്കൽ കമ്മിറ്റി ഓഫിസിൽ ശശിക്കെതിരെ ജില്ലയിലെ 5 നേതാക്കൾ ഗൂഢാലോചന നടത്തിയെന്നു കമ്മിഷനു മൊഴി നൽകണമെന്ന് ഒരു വ്യവസായി  തന്നോട് ആവശ്യപ്പെട്ടെന്നായിരുന്നു പുതുശ്ശേരി ഏരിയാ കമ്മിറ്റിയിൽ ലോക്കൽ സെക്രട്ടറി വെളിപ്പെടുത്തിയത്. ജില്ലയിലെ പ്രധാന നേതാക്കളുടെ നിർദേശപ്രകാരമാണ് ഇത് ആവശ്യപ്പെടുന്നതെന്നും പ്രത്യുപകാരമായി 14 ലക്ഷം രൂപയുടെ ബാങ്ക് വായ്പ അടച്ചു നൽകാമെന്ന വാഗാദാനം നൽകിയെന്നും ഇദ്ദേഹം കമ്മിറ്റിയിൽ വെളിപ്പെടുത്തിയിരുന്നു. 

അതേസമയം, ഒന്നര മാസമായി പൊതുപരിപാടികളിൽ നിന്നു പാർട്ടി നിർദേശപ്രകാരം വിട്ടു നിന്നിരുന്ന പി.കെ. ശശി ഇന്നലെ പാലക്കാട്ടു നടന്ന പാർട്ടി മേഖലാ റിപ്പോർട്ടിങ്ങിൽ പങ്കെടുത്തു.

സമയത്ത് റിപ്പോർട്ട് 

നൽകുമെന്ന് ബാലൻ

തൃശൂർ ∙ പി.കെ.ശശി എംഎൽഎക്കെതിരെയുള്ള ആരോപണത്തിൽ പാർട്ടി നിശ്ചയിച്ച സമയത്ത് റിപ്പോർട്ട് നൽകുമെന്ന് മന്ത്രി എ.കെ.ബാലൻ. പാർട്ടിയി‍ൽ വിശ്വാസം ഉള്ളതുകൊണ്ടായിരിക്കുമല്ലോ അവർ പാർട്ടിക്ക് പരാതി നൽകിയതെന്നും പൊലീസിൽ പരാതിയുമായി പോകാൻ ആർക്കും സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.