കുടിവെള്ളമില്ലാത്തിടത്ത് ബ്രൂവറി; മുഖ്യമന്ത്രിയുടെ തല പരിശോധിക്കണം: ചെന്നിത്തല

രമേശ് ചെന്നിത്തല

കോഴിക്കോട് ∙ മഴക്കാലത്തുപോലും കുടിക്കാൻ വെള്ളം കിട്ടാത്ത പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി അനുവദിച്ച മുഖ്യമന്ത്രിയുടെ തല പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പഴയ ഇടതു മന്ത്രി ഇമ്പിച്ചിബാവ സിഗരറ്റ് കൂടിനു പുറത്ത് ഒപ്പിട്ടുനൽകി കണ്ടക്ടർമാരെ നിയമിച്ച കഥ കേട്ടിട്ടുണ്ട്. വെള്ളപ്പേപ്പറിൽ ഒപ്പിട്ടുവാങ്ങിയാണ് ഇപ്പോൾ പിണറായി കമ്പനി അനുവദിച്ചത്. കള്ളത്തരം പുറത്തായപ്പോൾ നിൽക്കള്ളിയില്ലാതെ അനുമതി റദ്ദാക്കി. പക്ഷേ ‘പ്രളയദുരിതത്തിന്റെ സാഹചര്യത്തിൽ വിവാദങ്ങൾ ഒഴിവാക്കാൻ റദ്ദാക്കുന്നു’ എന്നാണ് ഉത്തരവിൽ പറയുന്നത്. വാലും ചേലുമില്ലാത്ത കമ്പനികൾക്ക് ഈ ഉത്തരവുമായി കോടതിയെ സമീപിച്ചാൽ ബ്രൂവറി അനുമതി നേടിയെടുക്കാമെന്ന് പിണറായിക്ക് ഉറപ്പുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ആലി ചന്തയ്ക്കുപോയതു പോലെയാണ് മന്ത്രിമാർ ധനസഹായം പിരിക്കാൻ വിദേശത്തുപോവാൻ തീരുമാനിച്ചത്. ചെല്ലുന്നയാൾക്ക് ചായ വാങ്ങിക്കൊടുക്കാൻപോലും ഒരു മലയാളി ഇല്ലാത്ത വിദേശരാജ്യങ്ങളിലൊക്കെയാണ് മന്ത്രിമാർ പോവാനിരുന്നതെന്നും ചെന്നിത്തല പറഞ്ഞു. വിശ്വാസത്തെ അനാചാരമായി ചിത്രീകരിച്ച് പ്രകോപനമുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യുഡിഎഫ് നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല.