മന്ത്രിമാരുടെ വിദേശയാത്ര: അനുമതിക്കായി ചീഫ് സെക്രട്ടറിയുടെ കത്ത്

തിരുവനന്തപുരം ∙ പ്രളയ പുനര്‍നിര്‍മാണത്തിന് സഹായം തേടിയുള്ള മന്ത്രിമാരുടെ വിദേശയാത്ര അനിശ്ചിതത്വത്തിലായിരിക്കെ, യാത്രയ്ക്ക് അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസ് വിദേശകാര്യവകുപ്പ് െസക്രട്ടറിക്കു കത്തു നല്‍കി. യാത്രയുടെ ഉദ്ദേശ്യവും ഫണ്ട് ലഭിക്കേണ്ട ആവശ്യകതയും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. േകന്ദ്രസര്‍ക്കാര്‍ തീരുമാനം അറിയിച്ചിട്ടില്ല. ചീഫ് സെക്രട്ടറി കത്ത് നല്‍കിയ സാഹചര്യത്തില്‍ അപേക്ഷ തള്ളിക്കളയില്ലെന്ന വിശ്വാസത്തിലാണ് സര്‍ക്കാര്‍.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 17 മുതല്‍ 21 വരെയാണ് മന്ത്രിമാര്‍ വിദേശത്തേക്കു പോകാനിരുന്നത്. ഈ മാസം ആദ്യം വിദേശകാര്യ മന്ത്രാലയത്തിന് സര്‍ക്കാര്‍ അപേക്ഷ നല്‍കി. അനുകൂല തീരുമാനമല്ല കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. രാഷ്ട്രീയ കാരണങ്ങളും അപേക്ഷയിലെ പോരായ്മയും തിരിച്ചടിയായി. മുഖ്യമന്ത്രി പിണറായി വിജയനു മാത്രമാണ് കര്‍ശന വ്യവസ്ഥകളോടെ യുഎഇ സന്ദര്‍ശനത്തിന് അനുമതി നല്‍കിയത്. മുഖ്യമന്ത്രി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തരുതെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. 17 മുതല്‍ 20 വരെയാണ് മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം. ബുധനാഴ്ച അദ്ദേഹം യാത്ര തിരിക്കും. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് മുഖ്യമന്ത്രിയുടെ സംഘത്തിലുള്ളത്. 17ന് അബുദാബിയിലെത്തുന്ന മുഖ്യമന്ത്രി 19 ന് ദുബായിലും 20 ന് ഷാര്‍ജയിലും സന്ദര്‍ശനം നടത്തും.

ആരോഗ്യമന്ത്രി കെ.കെ. ശൈലജ, വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്, വനംമന്ത്രി കെ.രാജു എന്നിവരൊഴികെയുള്ള 17 മന്ത്രിമാരുടെ യാത്രയിലാണ് അനിശ്ചിതത്വം. ഈ മൂന്നു മന്ത്രിമാരെ വിദേശയാത്രയില്‍നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ചീഫ് സെക്രട്ടറി കത്തയച്ചതോടെ ചില മന്ത്രിമാര്‍ക്കെങ്കിലും യാത്രാ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. യാത്രാഅനുമതി ലഭിച്ചാലും സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ച തീയതികളില്‍ സന്ദര്‍ശനം നടക്കാന്‍ സാധ്യത കുറവാണ്. അമേരിക്കയടക്കമുള്ള സ്ഥലങ്ങളിലേക്ക് വീസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. മന്ത്രിമാരുടെ വിദേശസന്ദര്‍ശനം പരിഗണിച്ച് ബുധനാഴ്ചയിലെ മന്ത്രിസഭായോഗം ചൊവ്വാഴ്ചയിലേക്ക് മാറ്റിയിരുന്നു. 5,000 കോടിരൂപ വിദേശത്തുനിന്ന് പിരിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. വിദേശയാത്രയ്ക്ക് രണ്ടുകോടിയോളം രൂപ ചെലവ് വരും.

∙ മന്ത്രിമാരും സന്ദര്‍ശിക്കാനിരുന്ന രാജ്യങ്ങളും

സൗദി അറേബ്യ (എ.കെ.ബാലന്‍, മാത്യു ടി. തോമസ്), ഒമാന്‍ (എ.സി.മൊയ്തീന്‍), ഖത്തര്‍ (കെ.ടി.ജലീല്‍), ബഹ്റൈന്‍ (എം.എം.മണി), കുവൈത്ത് (ഇ.പി.ജയരാജന്‍), സിംഗപ്പൂര്‍ (ഇ.ചന്ദ്രശേഖരന്‍), മലേഷ്യ (പി.തിലോത്തമന്‍), ഓസ്ട്രേലിയ (ജെ.മേഴ്സിക്കുട്ടിയമ്മ), ന്യൂസീലന്‍ഡ് (രാമചന്ദ്രന്‍ കടന്നപ്പള്ളി), യുകെ (കടകംപള്ളി സുരേന്ദ്രന്‍), ജര്‍മനി (എ.കെ.ശശീന്ദ്രന്‍), നെതര്‍ലന്‍ഡ്സ് (മാത്യു ടി.തോമസ്), യുഎസ്എ (തോമസ് ഐസക്, ജി.സുധാകരന്‍), കാനഡ (വിഎസ്.സുനില്‍കുമാര്‍), ശ്രീലങ്ക (ടി.പി.രാമകൃഷ്ണന്‍)