രാഹുലിന്റെ വക ‘മോദി മിമിക്രി’; കാവൽ‌ക്കാരനും ഭായിമാർക്കും വിമർശനം

നരേന്ദ്ര മോദി, രാഹുൽ ഗാന്ധി

മൊറേന∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗശൈലിയെ അനുകരിച്ചു പരിഹാസവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മധ്യപ്രദേശിലെ മൊറേനയിൽ തിരഞ്ഞെടുപ്പ് റാലിയിലാണു രാഹുൽ മിമിക്രി പുറത്തെടുത്തത്. മൂന്നു തവണയായി ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ ഇത്തവണ ഇഞ്ചോടിഞ്ചു പോരാട്ടമാണ്.

‘നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോൾ, പ്രധാനമന്ത്രി എന്നതിനുപകരം രാജ്യത്തിന്റെ കാവൽക്കാരൻ (ചൗക്കിധാർ) എന്നു വിളിക്കാനാണു ജനങ്ങളോട് ആവശ്യപ്പെട്ടത്. കാവൽക്കാരൻ ജനങ്ങളെ വിളിക്കുന്നതാകട്ടെ സുഹൃത്തുക്കൾ എന്നും. അനിൽ അംബാനി, വായ്പാതട്ടിപ്പു നടത്തി നാടുവിട്ട നീരവ് മോദി, മെഹുൽ ചോക്സി തുടങ്ങിയവരെ ഭായ് (സഹോദരൻ) എന്നാണു മോദി വിളിക്കുന്നത്’– മോദിയുടെ ചേഷ്ടകൾ അനുകരിച്ചു രാഹുൽ പറഞ്ഞു.

രാജ്യത്തെ അഴിമതിമുക്തമാക്കാൻ നിയോഗിക്കപ്പെട്ട കാവൽക്കാരനാണു താനെന്നു കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പു പ്രചാരണത്തിൽ മോദി പ്രസംഗിച്ചിരുന്നു. അഴിമതിക്കാരായ വ്യവസായികളെ സഹായിക്കുകയാണു മോദി സർക്കാരെന്നും രാഹുൽ കുറ്റപ്പെടുത്തി. റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ടു റിലയൻസ് ഡിഫൻസ് മേധാവി അനിൽ അംബാനിയെയും രാഹുൽ ആക്രമിച്ചു.

കോൺഗ്രസിന്റെയും ബിജെപിയുടെയും ദേശീയ നേതാക്കളുടെ വരവോടെ മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കു ചൂടുപിടിച്ചിരിക്കുകയാണ്.