ഓഹരി വിപണിയിൽ ഉണർവ് തുടരുന്നു; നില തുടർന്നേക്കാമെന്ന് വിലയിരുത്തൽ

കൊച്ചി ∙ ഓഹരി വിപണിയിൽ ഉണർവു തുടരുകയാണ്. യുഎസ്, യൂറോപ്പ് വിപണി പോസിറ്റീവ് ആയി ക്ലോസ് ചെയ്തതും ഏഷ്യൻ വിപണിയിലെ ഉയർച്ചയും നിഫ്റ്റിയിലും ബിഎസ്ഇയിലും പ്രതിഫലിക്കുന്നുണ്ട്. നിഫ്റ്റി 10688.70 ലാണ് ഇന്ന് ഓപ്പൺ ചെയ്തത്. ഇന്നലെ ക്ലോസ് ചെയ്യുമ്പോൾ ഇത് 10584.75 ആയിരുന്നു. ഒരുവേള നിഫ്റ്റി 10710.15 വരെ ഉയർന്നിരുന്നെങ്കിലും ഇപ്പോൾ 10626 ലാണ് വ്യാപാരം നടക്കുന്നത്. സെൻസെക്സ് ‌‌‌‌ഇന്നലെ 35162.48ൽ ക്ലോസ് ചെയ്തെങ്കിലും ഇന്ന് രാവിലെ 35543.38 ലാണ് ഓപ്പൺ ചെയ്തത്. തുടർന്ന് മികച്ച പ്രകടനം കാഴ്ച വച്ച് 35605.43 വരെ എത്തിയിരുന്നു. ഇവിടെയും വിപണി പോസിറ്റീവ് ട്രെൻഡ് ആണ് കാണിക്കുന്നത്. നിഫ്റ്റി 10600 ന് താഴേക്കു പോകാതിരുന്നാൽ വിപണിയിൽ പോസിറ്റീവ് ട്രെൻഡ് തന്നെ തുടരുമെന്നും 10700–10710 എന്നത് ഇന്നതത്തെ റെസിസ്റ്റൻസ് ലവലായി കണക്കാക്കാമെന്നും സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു. 

വിപണിയിൽ 817 സ്റ്റോക്കുകൾ പോസിറ്റീവും 803 സ്റ്റോക്കുകൾ നെഗറ്റീവും പ്രവണതയാണ് കാണിക്കുന്നത്. എഫ്എംസിജി, ഐടി, ബാങ്ക് ഇൻഡെക്സുകൾ മികച്ച പ്രവണതയാണ് പുലർത്തുന്നത്. എന്നാൽ റിയൽറ്റി, മീഡിയ ഇൻഡെക്സുകളിൽ ഇടിവാണുള്ളത്. ഐടിസി, ഹീറോ മോട്ടോർ, എച്ച്സിഎൽ ടെക്, കോൾ ഇന്ത്യ സ്റ്റോക്കുകൾ ഉയർന്നാണ് നിൽക്കുന്നത്. അതേസമയം ഇന്ത്യ ബുൾ എച്ച്എസ്ജി, യെസ് ബാങ്ക്, ബിപിസിഎൽ, ഹിന്ദ് പെട്രോൾ സ്റ്റോക്കുകൾ തകർച്ചയിലാണ്. 

‍ഇന്നു രാവിലെ വ്യാപാരം ആരംഭിക്കുമ്പോൾ ഇന്ത്യൻ രൂപ മൂല്യ വ്യതിയാനം പ്രകടമാക്കിയില്ല. പിന്നീട് മൂല്യത്തിൽ നേരിയ ഇടിവു പ്രകടമാക്കി 73.50 നാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ രൂപ 73.46 നാണ് ക്ലോസ് ചെയ്തത്. ക്രൂഡ് വിലയിലും നേരിയ വർധനവാണുള്ളത്.