ചിലർ കാരണം സ്വന്തം സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല: സോപ്മ ഭാരവാഹികൾ

കൊച്ചി∙ പെരുമ്പാവൂരിലെ മരവ്യവസായികളുടെ സംഘടനയായ ‘സോപ്മ’(സോമിൽ ഓണേഴ്സ് ആൻഡ് പ്ലൈവുഡ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ)യുടെ ചില ഭാരവാഹികൾ കാരണം സ്വന്തം സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നു സംഘടനയുടെ വൈസ് പ്രസിഡന്റ് സി.എം. ഇസ്മായിൽ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ എ.എ. അബ്ദുൽ സലാം, ടി.എ. ഹസ്സൻ എന്നിവർ ആരോപിച്ചു. ആരോപണവിധേയരായ മൂന്നു ഭാരവാഹികളെയും ചുമതലകളിൽനിന്നു മാറ്റി നിർത്തണമെന്നും അവർ ആവശ്യപ്പെട്ടു.

അസോസിയേഷന്റെ കീഴിലുള്ള കമ്പനിയിൽനിന്നാണു വ്യവസായികൾ തടി വാങ്ങിയിരുന്നത്. എന്നാൽ, അടുത്തിടെ തടി മാർക്കറ്റ് പെരുമ്പാവൂരിൽനിന്ന് പേഴക്കാപ്പിള്ളിയിലേക്കു മാറ്റി. അവിടെനിന്നു തങ്ങൾക്കു തടി നൽകാതിരിക്കാനും അപായപ്പെടുത്താനും ചില ഭാരവാഹികളും ഗുണ്ടകളും ശ്രമിച്ചു. ഗുണ്ടകൾക്കുള്ള പ്രതിഫലം അസോസിയേഷൻ ഫണ്ടിൽനിന്നാണു കൊടുത്തതെന്നു മനസിലാക്കുന്നു. പണം കൈമാറിയതിന്റെ രേഖകൾ പൊലീസ് പരിശോധനയിൽ കണ്ടെടുത്തിട്ടുണ്ട്.

തൊട്ടടുത്ത ദിവസം, തങ്ങളെ ആക്രമിക്കാൻ ഇവർ നിയോഗിച്ച സംഘത്തെ മൂവാറ്റുപുഴ പൊലീസ് പിടികൂടി. പെരുമ്പാവൂരിലെ തടി മാർക്കറ്റിൽ ഇപ്പോൾ ചെറിയ തരം തടികളേ ഉള്ളു. നല്ലയിനം തടികൾ മുടിക്കലിൽ തടഞ്ഞു നിർത്തി, മറ്റപ്പിള്ളി വെയ്ബ്രിജിൽ വച്ച് വിൽക്കുകയാണ്. ഇവിടെനിന്നു തടി വാങ്ങാൻ അനുവദിക്കാത്തതിനാൽ ആലുവയിൽനിന്നു വാങ്ങേണ്ട അവസ്ഥയാണ്– അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.