എയർസെൽ – മാക്സിസ് കേസ്: പി. ചിദംബരത്തെ പ്രതിചേർത്തു

പി. ചിദംബരം (ഫയൽ ചിത്രം)

ന്യൂഡല്‍ഹി∙ എയർസെൽ–മാക്സിസ് അഴിമതിക്കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തെയും മകൻ കാർ‍ത്തി ചിദംബരത്തെയും പ്രതിചേർത്തു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ഒമ്പതു പ്രതികളാണുള്ളത്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇത്. കേസ് കോടതി ഈ മാസം 26നു പരിഗണിക്കും.

കമ്പനിക്കു വിദേശത്തുനിന്നു നിക്ഷേപം സ്വീകരിക്കാൻ, വിദേശ നിക്ഷേപ പ്രോൽസാഹന ബോർ‍ഡിന്റെ (എഫ്ഐപിബി) അനുമതി നൽകാനുള്ള അധികാരം മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിക്കാണെന്നിരിക്കേ, ചിദംബരം ഇടപെട്ട് അനുമതി നൽകിയെന്ന് എയർസെൽ–മാക്സിസ് അഴിമതിയിൽ സിബിഐയുടെ മറ്റൊരു കേസും നിലവിലുണ്ട്. സിബിഐ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിലും ചിദംബരവും മകനും പ്രതികളാണ്.

ചിദംബരത്തിനും കാർത്തിക്കും പുറമേ, മുൻ ധനകാര്യ സെക്രട്ടറി അശോക് ചാവ്ള, സാമ്പത്തികകാര്യ വകുപ്പു മുൻസെക്രട്ടറി അശോക് ഝാ എന്നിവരുൾപ്പെടെ 10 പേരും ആറു കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്. ചിദംബരത്തിന് 26 ലക്ഷം രൂപ കോഴയായി ലഭിച്ചെന്ന് അന്വേഷണത്തിൽ തെളിഞ്ഞെന്നും പ്രതികളെല്ലാം ഗൂഢാലോചനയിൽ പങ്കാളികളാണെന്നും സിബിഐ വ്യക്തമാക്കിയിരുന്നു. 

ഐഎൻഎക്സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ 54 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടിയിരുന്നു. ന്യൂഡൽഹി ജോർബാഗിലെ ഫ്ലാറ്റ്, ഊട്ടിയിലെയും കൊടൈക്കനാലിലെയും ബംഗ്ലാവുകൾ, യുകെയിലെ സോമർസെറ്റിലുള്ള വീട്, സ്പെയിനിലെ ബാർസിലോനയിലുള്ള ടെന്നിസ് ക്ലബ് എന്നിവ പിടിച്ചെടുത്ത സ്വത്തുക്കളിൽ ഉൾപ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) അനുസരിച്ചാണു നടപടിയെന്നു എൻഫോഴ്സ്മെന്റ് അധികൃതർ വ്യക്തമാക്കി.

കാർത്തിയുടെയും അമ്മ നളിനിയുടെയും പേരിലുള്ള ജോർബാഗിലെ ഫ്ലാറ്റിനു 16 കോടി രൂപ വിലവരും. സോമർസെറ്റിലെ വീടിന്റെ മൂല്യം 8.67 കോടി രൂപയും ടെന്നിസ് ക്ലബിന്റേത് 14.57 കോടി രൂപയുമാണ്. ചെന്നൈയിലെ ബാങ്കിലെ 90 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും കണ്ടുകെട്ടിയിട്ടുണ്ട്. അഡ്വാന്റേജ് സ്ട്രാറ്റജിക് കൺസൽറ്റിങ് പ്രൈവറ്റ് ലിമിറ്റഡ്(എഎസ്‌സിപിഎൽ) എന്ന കമ്പനിയുടെ പേരിലുള്ളതാണ് ഈ നിക്ഷേപം. കാർത്തിക്കു ബന്ധമുള്ള എഎസ്‌സിപിഎൽ കമ്പനി വഴി വാസൻ ഹെൽത്ത് കെയറിൽ ഉൾപ്പെടെ ഒട്ടേറെ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെന്നും എൻഫോഴ്സ്മെന്റ് അധികൃതർ വ്യക്തമാക്കി.

പി.ചിദംബരം കേന്ദ്രമന്ത്രിയായിരുന്ന 2007ൽ ഐഎൻഎക്‌സ് മീഡിയ എന്ന മാധ്യമസ്ഥാപനം വിദേശത്തുനിന്നു 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട്, വിദേശ നിക്ഷേപ പ്രമോഷൻ ബോർഡിന്റെ (എഫ്‌ഐപിബി) ചട്ടങ്ങൾ ലംഘിച്ചെന്ന കേസിലാണു നടപടി.