ഓഹരി വിപണിയിൽ പിടിമുറുക്കി കരടികൾ; മാസത്തെ ഏറ്റവും താഴ്ന്ന തലത്തിൽ

കൊച്ചി∙ ഓഹരി വിപണി മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ ക്ലോസ് ചെയ്തു. കഴിഞ്ഞ മാസം വിൽപന പ്രവണത കാണിച്ചു തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 10,079.30 പോയിന്റ് എന്ന നിലയിൽ വരെ നിഫ്റ്റി ഒരുവേള എത്തി. തുടർന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങിനെ അപേക്ഷിച്ച് 99.85 പോയിന്റ് ഇടിവോടെ 10,124.90 എന്ന നിലയിൽ ക്ലോസ് ചെയ്തു.

സെൻസെക്സിലും തുടക്കം മുതൽ ദൃശ്യമായതു സമാനപ്രവണതയായിരുന്നു. 33,553.18 എന്ന നിലയിൽ വരെ താണതിനു ശേഷം 33,690.09 എന്ന നിലയിൽ ക്ലോസ് ചെയ്തു. 343.87 പോയിന്റ് ഇടിവാണു വ്യാഴാഴ്ച സെൻസെക്സിലുണ്ടായത്. ആഗോളവിപണി നേരിടുന്ന പ്രതിസന്ധി ഇന്ത്യൻ ഓഹരി വിപണിയിലും പ്രതിഫലിച്ചതാണ് ഇടിവിനു കാരണമെന്ന് സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലിയിരുത്തുന്നു.

യുഎസ് ഫെഡറൽ പലിശനിരക്കു കൂടുന്നതും കോർപ്പറേറ്റ് വരുമാനത്തിൽ ഇടിവുണ്ടാകുമെന്ന ആശങ്കയും യുഎസ് – ചൈന വ്യാപാരത്തർക്കവും വിപണിയെ ബാധിച്ചു. ഇതിനിടെ വിമത മാധ്യമപ്രവർത്തകനെ വധിച്ച സൗദി നടപടിയിൽ അമേരിക്കൻ ഉപരോധം ഉണ്ടായേക്കുമോ എന്ന ആശങ്കയും നിക്ഷേപകരിലുണ്ട്. അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തിലാണു യുഎസ് ഓഹരി വിപണി കഴിഞ്ഞ ദിവസം 2.4 ശതമാനം നഷ്ടത്തിൽ ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണിയും നഷ്ടത്തിൽ ക്ലോസ് ചെയ്തിരുന്നതും ഏഷ്യൻ വിപണിയെ സാരമായി ബാധിച്ചു. 

നിഫ്റ്റി 10,130 ൽ താഴെയാണ് അടുത്ത ദിവസവും വ്യാപാരമെങ്കിൽ വിൽപന പ്രവണത തുടരാനാണു സാധ്യത. എന്നാൽ ഈ നിരക്കിൽ നിന്നു മുകളിലേയ്ക്ക് വരാനായാൽ നിക്ഷേപകരിൽ നിന്നും പോസറ്റീവ് പ്രതികരണമുണ്ടാകും എന്നും പ്രതീക്ഷിക്കുന്നു. ഇത് റെസിസ്റ്റൻസ് ലവലായ 10,165 മുതൽ 10,250 വരെ എത്തിയേക്കാമെന്നും ജോസ് മാത്യു വിലയിരുത്തുന്നു. വിപണിയിലെ ഏതാണ്ട് എല്ലാ സെക്ടറുകളും വ്യാഴാഴ്ച നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

ഐടി മാത്രം 0.5 പോയിന്റ് ഉയർച്ച രേഖപ്പെടുത്തി. മീഡിയ, ഫാർമ, റിയൽറ്റി, മെറ്റൽ, പബ്ലിക് സെക്ടർ ബാങ്ക്സ് തുടങ്ങിയവയാണ് പ്രധാനമായും നഷ്ടം രേഖപ്പെടുത്തിയ സെക്ടറുകൾ. ആകെ 603 സ്റ്റോക്കുകൾ പോസിറ്റീവായി ക്ലോസ് ചെയ്തപ്പോൾ 1118 സ്റ്റോക്കുകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. വിപ്രോ, കോൾ ഇന്ത്യ, എച്ച്സിഎൽ ടെക്, ഐഒസി ഷെയറുകൾ നേട്ടം കൈവരിച്ചെങ്കിൽ ഭാരതി എയർടെൽ, ഇന്ത്യ ബുൾ ഹൗസിങ് ഫിനാൻസ്, യുപിഎൽ, വേദാന്ത ഷെയറുകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. 

ഇന്ത്യൻ കറൻസി ഡോളറിനെതിരെ ഇടിവോടെയാണ് വ്യാപാരം പുരോഗമിച്ചത്. ബുധനാഴ്ച 73.15 ന് ക്ലോസ് ചെയ്തെങ്കിൽ 73.28 യിലായിരുന്നു വ്യാഴാഴ്ച വ്യാപാരം. ക്രൂഡോയിൽ വിലയിൽ ഏതാനും ദിവസങ്ങളായി തുടരുന്ന ഇടിവു പ്രവണത തുടർന്നു.