ബ്രൂവറി: വ്യാജന്മാരെ സംരക്ഷിച്ച് ആഭ്യന്തര വകുപ്പ്; ആശാ തോമസിന്റെ പരാതിയിൽ നടപടിയില്ല

ആശ തോമസ്, മന്ത്രി ടി.പി. രാമൃഷ്ണൻ, ഋഷിരാജ് സിങ്

തിരുവനന്തപുരം ∙ ബ്രൂവറി പ്രശ്നത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ എക്സൈസ് വകുപ്പിന്റെ പേരില്‍ വ്യാജ വാര്‍ത്താകുറിപ്പ് ഇറക്കിയവരെ സംരക്ഷിച്ച് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി. തന്റെ വകുപ്പിന്റെ പേരില്‍ വാര്‍ത്താകുറിപ്പ് ഇറക്കിയവരെ കണ്ടെത്തണമെന്ന എക്സൈസ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസിന്റെ പരാതിയിലാണു നടപടിയെടുക്കാതെ ആഭ്യന്തരവകുപ്പ് ഒളിച്ചുകളിക്കുന്നത്. പരാതി പൊലീസിനു കൈമാറണമെന്ന പ്രാഥമിക നടപടിക്രമം പോലും ഇതുവരെ പാലിച്ചിട്ടില്ല.

താന്‍ അറിയാതെ വകുപ്പിന്റെ പേരില്‍ പത്രക്കുറിപ്പ് ഇറക്കിയവരെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടു വരണമെന്നായിരുന്നു എക്സൈസ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസിന്റെ പരാതിയിലെ ആവശ്യം. സെക്രട്ടറിമാരില്‍നിന്നു ലഭിക്കുന്ന പരാതികളില്‍, വകുപ്പില്‍ കിട്ടിയെന്നു കാണിച്ചു മറുപടിക്കത്ത് നല്‍കാറുണ്ട്. എന്നാല്‍ ഇവിടെ അതുണ്ടായില്ലെന്നു മാത്രമല്ല വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തു പൊലീസിനു കൈമാറുകയെന്ന ആഭ്യന്തര വകുപ്പിന്റെ പതിവും തെറ്റിച്ചു.

പരാതിക്കാരി വകുപ്പ് സെക്രട്ടറിയായിട്ടും ഇതു സംഭവിച്ചു എന്നിടത്താണ് കള്ളക്കളിയുടെ സൂചന തെളിയുന്നത്. അടിതെറ്റി വീണ പ്രതിപക്ഷ നേതാവ് എന്ന തലക്കെട്ടിലായിരുന്നു എക്സൈസ് വകുപ്പിന്റെ പേരില്‍ പ്രതിപക്ഷ നേതാവിനുള്ള മറുപടി പത്രക്കുറിപ്പ് ഇറങ്ങിയത്. ഉദ്യോഗസ്ഥര്‍ എങ്ങനെ ക്യാബിനറ്റ് പദവിയിലുള്ള പ്രതിപക്ഷ നേതാവിനു മറുപടി പറയുമെന്ന് പ്രതിപക്ഷം ചോദ്യമുന്നയിക്കുകയും കെ.സി. ജോസഫ് എംഎല്‍എ അവകാശ ലംഘനത്തിനു നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു.

തുടര്‍ന്നു വകുപ്പുതല അന്വേഷണത്തിനു ഡപ്യൂട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തി. പത്രക്കുറിപ്പ് വ്യാജമെന്ന വകുപ്പിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിക്കും എക്സൈസ് വകുപ്പ് കൈമാറിയിട്ടുണ്ട്. പത്രക്കുറിപ്പ് ഇറങ്ങിയപ്പോള്‍ത്തന്നെ മന്ത്രിയുടെ ഓഫിസിനെയും എക്സൈസ് കമ്മിഷണറുടെ ഓഫിസിനെയും കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.