അമിത് ഷായ്ക്ക് അനുമതി നൽകിയത് സർക്കാരല്ല; വിമാനത്തിന് ഫീസ് ഈടാക്കിയെന്നും കിയാൽ‌

കണ്ണൂർ വിമാനത്താവളത്തിലെത്തിയ അമിത് ഷാ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു. ചിത്രം: മനോരമ

കണ്ണൂർ‌∙ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് കണ്ണൂർ വിമാനത്താവളത്തിലിറങ്ങാൻ അനുമതി നല്‍കിയത് നിയമാനുസൃതമെന്ന് കിയാൽ അധികൃതർ. സംസ്ഥാന സർക്കാരല്ല അനുമതി നൽകിയത്. കണ്ണൂര്‍ വിമാനത്താവള കമ്പനിയാണ് അനുമതി കൊടുത്തത്. വിമാനമിറക്കുന്നതിനുള്ള ഫീസും ഈടാക്കി. ലൈസൻസ് ലഭിച്ച സാഹചര്യത്തിൽ സ്വകാര്യ വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതി നൽകുന്നതിൽ തടസ്സമില്ലെന്നും കിയാൽ അറിയിച്ചു. ഉദ്ഘാടനത്തിന് മുൻപ് അമിത് ഷായുടെ വിമാനമിറക്കിയതു വിവാദമായിരുന്നു.

ഡിസംബർ 9നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യാനിരിക്കെ, സിപിഎമ്മിനെ രാഷ്ട്രീയമായി വെട്ടിലാക്കിയാണ് അമിത് ഷാ കണ്ണൂരിൽ കഴിഞ്ഞദിവസം വന്നിറങ്ങിയത്. പുറത്തു കാത്തുനിന്ന പ്രവർത്തകരുടെ വലിയനിരയെ അടുത്തെത്തി അഭിസംബോധന ചെയ്താണ് ഷാ കണ്ണൂരിലേക്ക് പോയത്. കരിപ്പൂരിൽ വിമാനമിറങ്ങാൻ തീരുമാനിച്ച അമിത് ഷാ ബിജെപി കേരളഘടകത്തിന്റെ ആവശ്യപ്രകാരമാണ് കണ്ണൂരിൽ വന്നിറങ്ങിയത്. പ്രധാനമന്ത്രിയുടെ സൗകര്യം പരിഗണിക്കാതെ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചതിൽ രാഷ്ട്രീയമുണ്ടെന്നു ബിജെപി ആരോപിച്ചിരുന്നു.