റിപ്പബ്ലിക് ദിന ക്ഷണം നിരസിക്കാന്‍ കാരണം മുൻ നിശ്ചയിച്ച പരിപാടികൾ: വൈറ്റ് ഹൗസ്

ഡോണൾഡ് ട്രംപ്, നരേന്ദ്ര മോദി

ന്യൂഡൽഹി∙ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു വരാനാകാത്തത് മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ കാരണമാണെന്നു വൈറ്റ് ഹൗസ്. വിഷയത്തിൽ ആദ്യമായാണു വൈറ്റ് ഹൗസിന്റെ പ്രതികരണമെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണത്തിനു ട്രംപ് വളരെ ബഹുമാനം നൽകുന്നുണ്ട്. എന്നാൽ മുൻ നിശ്ചിയിച്ച പരിപാടികൾ കാരണം അദ്ദേഹത്തിന്റെ ചടങ്ങിൽ പങ്കെടുക്കാനാകില്ല – വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.

ട്രംപും മോദിയും തമ്മിൽ നടത്തിയ രണ്ടു കൂടിക്കാഴ്ചകൾ, നിരവധി ഫോൺ വിളികൾ എന്നിവയിലൂടെ വളർന്നുവന്ന ഐക്യം പ്രസി‍ഡന്റ് ആസ്വദിച്ചു വരികയാണ്. ഇന്ത്യ – യുഎസ് തന്ത്രപരമായ പങ്കാളിത്തത്തിൽ വലിയൊരു പങ്കുവഹിക്കാനും ഇവയ്ക്കു സാധിക്കുന്നുണ്ട്. ഏറ്റവും അടുത്ത അവസരത്തിൽ തന്നെ മോദിയുമായി മറ്റൊരു കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് പറയുന്നു.

റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയാകാൻ ഓഗസ്റ്റിലാണ് ഇന്ത്യ ട്രംപിനെ ക്ഷണിച്ചത്. മോദിയുമായി നല്ല ബന്ധം പുലർത്തുന്ന ട്രംപ് ക്ഷണം സ്വീകരിക്കുമെന്ന നിഗമനത്തിലാണു നേരത്തെ തന്നെ കത്തുനൽകിയത്. സാധാരണയായ വിശിഷ്ടാതിഥിയുടെ സാന്നിധ്യം ഉറപ്പാക്കിയശേഷം ക്ഷണക്കത്ത് കൈമാറുന്നതാണു പതിവ്. ക്ഷണം ലഭിച്ച കാര്യം വൈറ്റ് ഹൗസും സ്ഥിരീകരിച്ചിരുന്നു. സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗ കാലയളവാണെന്നു ചൂണ്ടിക്കാട്ടിയാണു ട്രംപ് അസൗകര്യം അറിയിച്ചിരിക്കുന്നത്.