മാനംതൊട്ട് മോദിയുടെ സ്വപ്നം; കൊടുങ്കാറ്റിലും ഭൂകമ്പത്തിലും ഉലയാത്ത ഉരുക്കുമനുഷ്യൻ

2013 ഒക്ടോബർ 31നു ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണു നരേന്ദ്ര മോദി തന്റെ സ്വപ്ന പദ്ധതിയായ ‘ഐക്യ പ്രതിമ’യ്ക്കു (സ്റ്റാച്യു ഓഫ് യൂണിറ്റി) തറക്കല്ലിടുന്നത്. അഞ്ചു വർഷത്തിനപ്പുറം ആ സ്വപ്നം യാഥാർഥ്യമാകുമ്പോൾ, ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ ഇനി ഇന്ത്യയ്ക്കു സ്വന്തം. ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രി, ‘ഉരുക്കു മനുഷ്യൻ’ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ 182 മീ. ഉയരമുള്ള ‘ഐക്യ പ്രതിമ’ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍‌ രാജ്യത്തിനു സമർപ്പിച്ചപ്പോൾ ഗുജറാത്ത് ടൂറിസത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നാണു പ്രതീക്ഷ.

പ്രതിമ കാണാൻ ദിവസവും എത്തുമെന്നു പ്രതീക്ഷിക്കുന്നത് 15,000 ടൂറിസ്റ്റുകൾ. യുഎസിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ രണ്ടിരട്ടിയോളം ഉയരമുള്ള പ്രതിമ രൂപകൽപന ചെയ്തത് വിഖ്യാത ശിൽപി റാം വി.സുതറാണ്. ഗുജറാത്ത് നിയമസഭാ സീറ്റുകളുടെ എണ്ണത്തിനനുസരിച്ചാണ് 182 മീറ്ററെന്ന ഉയരം നിശ്ചയിച്ചിരിക്കുന്നത്. അഹമ്മദാബാദിൽ നിന്ന് 200 കി.മീ. അകലെ നര്‍മദാ ജില്ലയിലെ സാധുബേട് ദ്വീപിലാണു പ്രതിമ തലയെടുപ്പോടെ നിലകൊള്ളുന്നത്.

∙ നവംബർ മൂന്നു മുതൽ പൊതുജനങ്ങൾക്ക് പ്രതിമ സന്ദര്‍ശിക്കാം. www.soutickets.in എന്ന വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം
∙ മുതിർന്നവർക്ക് 120 രൂപയാണ് ടിക്കറ്റ് നിരക്ക്, കുട്ടികൾക്ക് (3-15 വയസ്സ്) 60 രൂപയും.
∙ സർദാർ സരോവർ അണക്കെട്ടിലേക്കും സമീപത്തെ പൂന്തോട്ടത്തിലേക്കും ഉൾപ്പെടെ ടിക്കറ്റ് ഉപയോഗിച്ചു പ്രവേശിക്കാം.
∙ പ്രതിമയുടെ 135 മീ. ഉയരത്തിൽ ഒരേ സമയം 200 പേരെ ഉൾക്കൊള്ളുന്ന ഗാലറി. ഇവിടേക്കു പ്രവേശനത്തിന് ടിക്കറ്റ് നിരക്ക് 350 രൂപ
∙ രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറു വരെയാണ് പ്രവേശനസമയം

∙ സർദാർ സരോവർ ഡാമിൽ നിന്ന് 3.5 കി.മീ അകലെയാണു പ്രതിമ
∙ നിർമാണ ചുമതലയുണ്ടായിരുന്നത് എൻ&ടി (മുംബൈ) കമ്പനിക്ക്
∙ പ്രതിമയിലെ വെങ്കലപാളികൾ ഉറപ്പിക്കാൻ 200 ചൈനീസ് വിദഗ്ധർ
∙ പ്രതിമയുടെ പ്രവേശന കവാടത്തിൽ പട്ടേലിന്റെ ജീവിതം വിവരിച്ച് മ്യൂസിയം, 3ഡി പ്രൊജക്‌ഷൻ മാപ്പിങ്
∙ വോക്ക്‌വേ, ടിക്കറ്റ് കൗണ്ടർ, ഫുഡ് കോർട്ട്, സെൽഫി പോയിന്റ്, ഷോപ്പിങ് സെന്റർ, അണ്ടർവാട്ടർ അക്വേറിയം, റിസർച് സെന്റർ

∙ 15 കി.മീറ്ററിലേറെ വ്യാപിച്ച് പൂന്തോട്ടം, ട്രൈബൽ മ്യൂസിയം, കരകൗശല വിപണി
∙ സാധുബേട് ദ്വീപിനെ സമീപത്തെ കെവാദിയ ടൗണുമായി ബന്ധപ്പെടുത്തി 3.5 കി.മീ. ഹൈവേ
∙ ദ്വീപിലേക്ക് 250 മീ. നീളത്തിൽ പാലം
∙ പ്രതിമയുടെ മേൽനോട്ടച്ചുമതല സർദാർ വല്ലഭായ് പട്ടേൽ രാഷ്ട്രീയ ഏക്താ ട്രസ്റ്റ് സൊസൈറ്റിക്ക്