ബിജെപി സ്ഥാനാര്‍ഥി അതിവേഗം കോണ്‍ഗ്രസിലേക്കു മടങ്ങി; കോളടിച്ചത് അനിതയ്ക്ക്

കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഭാര്യ അനിതയ്‌ക്കൊപ്പം. (ഫയൽ ചിത്രം)

ബെംഗളൂരു∙ രണ്ടാഴ്ച മുമ്പു ബിജെപിയില്‍ ചേക്കേറി രാമനഗര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായ എല്‍. ചന്ദ്രശേഖര്‍, അതിവേഗത്തില്‍ കോണ്‍ഗ്രസിലേക്കു മടങ്ങിയതോടെ കോളടിച്ചത് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഭാര്യ അനിതയ്ക്ക്.

രാമനഗര നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ചന്ദ്രശേഖര്‍, തിരഞ്ഞെടുപ്പിനു രണ്ടു ദിവസം മുമ്പാണു മത്സരത്തില്‍നിന്നു പിന്മാറുകയാണെന്നു പ്രഖ്യാപിച്ചു കോണ്‍ഗ്രസിലേക്കു മടങ്ങിയത്. ഇതോടെ മൂന്നിനു നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ജെഡിഎസ് സ്ഥാനാര്‍ഥി അനിതാ കുമാരസ്വാമിക്കു വിജയം ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പു സ്ഥാനാര്‍ഥി തന്നെ ഇല്ലാതായതിന്റെ ഞെട്ടലിലാണു ബിജെപി നേതൃത്വം. കുമാരസ്വാമി മന്ത്രിസഭയില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസിന് ഇവിടെ സ്ഥാനാര്‍ഥി ഇല്ലതാനും. 

ബിജെപിയില്‍ ഐക്യം ഇല്ലെന്നും ബി.എസ്. യെഡിയൂരപ്പ ഉള്‍പ്പെടെ നേതാക്കളാരും തന്റെ പ്രചാരണത്തിന് എത്തിയില്ലെന്നും ചൂണ്ടിക്കാട്ടിയാണു കോണ്‍ഗ്രസ് എംഎല്‍സി സി.എം. ചിന്നപ്പയുടെ മകനായ ചന്ദ്രശേഖര്‍ ബിജെപി പാളയത്തില്‍നിന്നു കോണ്‍ഗ്രസിലേക്കു മടങ്ങിയത്. ഉപതിരഞ്ഞെടുപ്പു യുദ്ധത്തില്‍ തന്നെ ബലിയാടാക്കുകയാണു ബിജെപി ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രണ്ടു സീറ്റുകളില്‍ മത്സരിച്ച എച്ച്.ഡി. കുമാരസ്വാമി ചന്നപട്ടണ നിലനിര്‍ത്തിയതോടെയാണു രാമനഗരത്തില്‍ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയതും ഭാര്യ അനിത ജെഡിഎസ് സ്ഥാനാര്‍ഥിയായതും. കടുത്ത കോണ്‍ഗ്രസ് - ജെഡിഎസ് പോരാട്ടം നടന്നിരുന്ന മണ്ഡലമാണു രാമനഗരം.

ചന്ദ്രശേഖറിന്റെ മടക്കം മണ്ഡ്യ, ബെള്ളാരി, ശിവമൊഗ്ഗ ലോക്‌സഭാ സീറ്റുകളിലേക്കും ജാംഖണ്ഡി നിയമസഭാ സീറ്റിലേക്കും നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ആശങ്കയിലാണു ബിജെപി. 

നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനായി, ബിജെപി എംപിമാരായിരുന്ന ബി.എസ്. യെഡിയൂരപ്പയും (ശിവമൊഗ്ഗ) ബി. ശ്രീരാമുലുവും (ബെള്ളാരി), ദൾ എംപി സി.എസ്. പുട്ടരാജുവും (മണ്ഡ്യ) രാജിവച്ചതിനെ തുടർന്നാണ് ഇവിടങ്ങളിൽ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. 

നിയമസഭയിലേക്ക് രണ്ടിടത്തുനിന്നു ജയിച്ചതിനാൽ മുഖ്യമന്ത്രി കുമാരസ്വാമി ഉപേക്ഷിച്ച രാമനഗര, കോൺഗ്രസ് എംഎൽഎ സിദ്ധു ഭീമപ്പ ന്യാമെഗൗഡ അപകടത്തിൽ മരിച്ചതിനാൽ ഒഴിവു വന്ന ജമഖണ്ഡി എന്നീ നിയമസഭാ മണ്ഡലങ്ങളും ഇതോടൊപ്പം ചേരുന്നു.