ജഡ്ജിമാര്‍ക്കു പിടിപ്പതു പണി; കാര്‍ത്തി അടിയന്തരമായി 'പറക്കേണ്ട': സുപ്രീം കോടതി

ന്യൂഡല്‍ഹി∙ വിദേശയാത്രയ്ക്ക് അനുമതി തേടി കാര്‍ത്തി ചിദംബരം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ജഡ്ജിമാര്‍ക്ക് താങ്ങാന്‍ കഴിയുന്നതിലേറെ ജോലിയുണ്ടെന്നും നാളെത്തന്നെ വാദം കേള്‍ക്കേണ്ട അടിയന്തര വിഷയമല്ല ഇതെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. മൂന്നാം തീയതി ഇറ്റലി, ഓസ്ട്രിയ, യുകെ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ കാര്‍ത്തി ആഗ്രഹിക്കുന്നുവെന്നും അടിയന്തരമായി വാദം കേട്ട് അനുമതി നല്‍കണമെന്നുമാണ് അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. 

പി ചിദംബരം ധനമന്ത്രി ആയിരിക്കെ ഐഎന്‍എക്‌സ് മീഡിയയ്ക്ക് എഫ്‌ഐപിബി ക്ലിയറന്‍സ് നല്‍കുന്നതിനായി 305 കോടിയുടെ വിദേശഫണ്ട് കൈപ്പറ്റിയെന്നതുള്‍പ്പെടെ നിരവധി കേസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ അന്വേഷണം നേരിടുന്ന കാര്‍ത്തിക്ക് ഓരോ തവണ വിദേശത്തു പോകുമ്പോഴും സുപ്രീംകോടതിയുടെ അനുമതി തേടേണ്ടതുണ്ട്. മുമ്പു ഇഷ്ടം പോലെ വിദേശയാത്ര നടത്താന്‍ കോടതി കാര്‍ത്തിക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതു ദുരുപയോഗം ചെയ്ത് കാര്‍ത്തി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണു നിയന്ത്രണം കര്‍ശനമാക്കിയത്. 

അറസ്റ്റ് തടഞ്ഞു

അതിനിടെ എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുന്‍ധനമന്ത്രി പി ചിദംബരത്തെയും കാര്‍ത്തി ചിദംബരത്തെയും നവംബര്‍ 26 വരെ അറസ്റ്റ് ചെയ്യുന്നതു ഡല്‍ഹി കോടതി തടഞ്ഞു. കേസിന്റെ അടുത്ത വാദം കേള്‍ക്കുന്നത് നവംബര്‍ 26നാണ്. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിച്ച കേസില്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ചിദംബരം അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും ഇഡി കോടതിയെ അറിയിച്ചു.