സാലറി ചാലഞ്ച്: പുതിയ സര്‍ക്കുലറും കോടതിയിലേക്ക്; നിർബന്ധിത സ്വഭാവമെന്ന് എൻജിഒ സംഘ്

തിരുവനന്തപുരം∙ സാലറി ചാലഞ്ചിലെ പുതിയ സര്‍ക്കുലറും കോടതി കയറുമെന്ന് ഉറപ്പായി. സര്‍ക്കുലര്‍ കോടതിയലക്ഷ്യമാണെന്നു കാണിച്ചു ഹൈക്കോടതിയെ സമീപിക്കുമെന്ന് എന്‍ജിഒ സംഘ് വ്യക്തമാക്കി. ഇതേസമയം സാലറി ചാലഞ്ചില്‍ പങ്കെടുത്തവരില്‍ സമ്മതപത്രം ഇനിയും നല്‍കാത്തവര്‍ വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണമെന്നു ധനവകുപ്പ് നിര്‍ദേശിച്ചു.

എന്‍ജിഒ സംഘ് നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി സാലറി ചാലഞ്ചിന്റെ ഭാഗമായുള്ള വിസമ്മത പത്രം റദ്ദാക്കിയത്. ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്കു നല്‍കണം എന്ന നിര്‍ബന്ധിത സ്വഭാവം പുതിയ സര്‍ക്കുലറിനും ഉണ്ടെന്നാണ് എന്‍ജിഒ സംഘിന്റെ വാദം. ഒരു മാസത്തെ ശമ്പളത്തില്‍ കുറഞ്ഞ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു ഓഫിസ് വഴി നേരിട്ട് നല്‍കാനുള്ള അവസരം ഇപ്പോഴും ജീവനക്കാരന് ഇല്ല. അങ്ങനെയുള്ളവര്‍ക്കു സാലറി ചാലഞ്ചിന്റെ ഭാഗമായല്ലാതെ ഇഷ്ടമുള്ള തുക സംഭാവന ചെയ്യാമെന്നാണു പുതിയ സര്‍ക്കുലറിലും ഉള്ളത്.

സാലറി ചാലഞ്ചിനോടു മിക്ക ജീവനക്കാരും സഹകരിച്ചുകഴിഞ്ഞെന്നും കൂടുതല്‍ പേര്‍ ഇനി പങ്കാളികളാകുമെന്നും എന്‍ജിഒ യൂണിയന്‍ അവകാശപ്പെടുന്നു. ജീവനക്കാരില്‍നിന്നു വാങ്ങിയ വിസമ്മത പത്രം തിരികെ നല്‍കണമെന്നു കോണ്‍ഗ്രസ് അനുകൂല സംഘടനയായ എന്‍ജിഒ അസോസിയേഷന്‍ ആവശ്യപ്പെട്ടു.