കേരളത്തിന്‍റെ പുനര്‍നിര്‍മാണം: കലാസൃഷ്ടി ലേലവുമായി ബിനാലെ ഫൗണ്ടേഷന്‍

കൊച്ചി ∙ പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് പണം സ്വരൂപിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാൻ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ തിരഞ്ഞെടുത്ത കലാസൃഷ്ടികള്‍ ലേലം ചെയ്യുന്നു. കൊച്ചി-മുസിരിസ് ബിനാലെയോടനുബന്ധിച്ച് ആര്‍ട്ട് റൈസസ് ഫോര്‍ കേരള (എആര്‍കെ) എന്ന പേരിൽ ജനുവരി 18നാണ് ലേലം. വിദേശത്തും സ്വദേശത്തുമുള്ള നാൽപതിലേറെ കലാകാരന്മാരുടെ പെയിന്‍റിങ്ങുകള്‍, ശില്‍പങ്ങള്‍, പ്രതിഷ്ഠാപനങ്ങള്‍ എന്നിവയാണ് ലേലത്തിന് വയ്ക്കുന്നത്. ലേലത്തില്‍ ലഭിക്കുന്ന തുക നേരിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്നു കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ഡിസംബര്‍ 12 മുതല്‍ മാര്‍ച്ച് 29 വരെയാണ് കൊച്ചി ബിനാലെ.