സാലറി ചാലഞ്ചിൽ അവ്യക്തത തുടരുന്നു; ശമ്പള വിതരണം ഇന്നും തടസ്സപ്പെട്ടു

തിരുവനന്തപുരം∙ സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ സര്‍ക്കുലറിലെ അവ്യക്തതകള്‍ കാരണം ശമ്പള വിതരണം ഇന്നും തടസ്സപ്പെട്ടു. സംസ്ഥാനത്തെ 5.75 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു ലക്ഷംപേർക്കു പോലും ശമ്പളം ലഭിച്ചിട്ടില്ല. ഇന്നു പരമാവധി പേര്‍ക്കു ശമ്പളം വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണു ധനവകുപ്പ് പറയുന്നത്. മാസത്തിലെ ആദ്യ ഏഴു പ്രവൃത്തിദിവസങ്ങളിലാണു ശമ്പളം വിതരണം ചെയ്യുന്നത്. ഒന്നര ലക്ഷംപേര്‍ക്കാണ് ആദ്യദിവസം ശമ്പളം നല്‍കേണ്ടത്.

സാലറി ചാലഞ്ചിലെ വിസമ്മത പത്ര വ്യവസ്ഥ അംഗീകരിക്കാനാകില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയെങ്കിലും ‘സമ്മതപത്രം’ എന്താണെന്നതിനെക്കുറിച്ച് ആശയക്കുഴപ്പം തുടരുകയാണ്. ദുരിതാശ്വാസ നിധിയിലേക്ക് ശമ്പള വിഹിതം നല്‍കാന്‍ തയാറായ ഉദ്യോഗസ്ഥരില്‍നിന്നു സമ്മതപത്രം വാങ്ങിയെന്നാണു സര്‍ക്കാര്‍ അവകാശവാദമെങ്കിലും കൃത്യമായ ഒരു മാതൃക ഇക്കാര്യത്തിലില്ല. സംഭാവന കുറവു ചെയ്യാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുത്തു കത്തു നല്‍കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്. ഇതിനെ സമ്മതപത്രമായി സര്‍ക്കാര്‍ വ്യാഖ്യാനിക്കുകയായിരുന്നു. സമ്മതപത്രത്തിനു മാതൃകയോ മാനദണ്ഡങ്ങള്‍ വ്യക്തമാക്കി പ്രത്യേക ഉത്തരവോ നിലവിലില്ല.

സാലറി ചാലഞ്ചില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരില്‍ 89% പേരും സംഭാവന കുറവു ചെയ്യുന്നതിനുള്ള ഓപ്ഷന്‍ തിരഞ്ഞെടുത്ത് കത്തു നല്‍കിയിരുന്നു. ഓപ്ഷന്‍ നല്‍കിവരുടെ കത്ത് സമ്മതപത്രമായി പരിഗണിക്കണമെന്നും ബാക്കിയുള്ളവരില്‍നിന്നു സമ്മതപത്രം വാങ്ങണമെന്നുമാണ് ഒക്ടോബര്‍ 31ന് പുറത്തിറങ്ങിയ സര്‍ക്കുലറിലെ നിര്‍ദേശം. സമ്മതപത്രം ഇല്ലാതെ സാലറി ചാലഞ്ചില്‍ പങ്കെടുത്തവര്‍ക്കും ഇതു ബാധകമാണ്. സമ്മതപത്രം വാങ്ങാതെ ശമ്പളം നല്‍കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചതോടെ ശമ്പള ബില്‍ തയാറാക്കുന്ന ഡിഡിഇമാര്‍ വെട്ടിലായി. ഏതു മാതൃകയില്‍ സമ്മതപത്രം വാങ്ങണമെന്നാണ് ഉയരുന്ന ചോദ്യം. ബില്ലില്‍ പിഴവു വന്നാല്‍ ഉത്തരവാദിത്തം ഡിഡിഇമാര്‍ക്കാണ്. ഒരു ഓഫിസിലെ മുഴുവന്‍പേര്‍ക്കും ഒരു ബില്ലാണ് തയാറാക്കുന്നത്. ശേഷിക്കുന്ന ഉദ്യോഗസ്ഥര്‍കൂടി സമ്മതംപത്രം നല്‍കാതെ ബില്‍ തയാറാക്കാനാകില്ല. ഇതെല്ലാം ശമ്പള വിതരണത്തെ ബാധിക്കുന്നുണ്ട്.

ശമ്പളത്തില്‍നിന്ന് ഗഡുക്കളായി തുക ഈടാക്കാന്‍ അനുവാദം നല്‍കിയ ഉദ്യോഗസ്ഥരില്‍ ചിലര്‍ രണ്ടാം ഗഡു നല്‍കില്ലെന്ന നിലപാടിലാണ്. ഇവരുടെ കാര്യത്തില്‍ എന്തു ചെയ്യണമെന്നും നിര്‍ദേശമില്ല. ഇവരുടെ കാര്യത്തില്‍ തീരുമാനമാകാതെ ശമ്പളബില്‍ തയാറാക്കാനാകില്ല. കോടതി ഉത്തരവിനെത്തുടര്‍ന്ന് വിസമ്മതപത്രം ഒഴിവാക്കിയെങ്കിലും ഒരു മാസത്തെ ശമ്പളം ഗഡുക്കളായി പിടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമില്ല. ജീവനക്കാര്‍ സ്വമേധയാ നല്‍കുന്ന തുക ഈടാക്കണമെന്ന സുപ്രീംകോടതിയുടെ പരാമര്‍ശങ്ങള്‍ക്ക് വിരുദ്ധമാണ് ഈ തീരുമാനമെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഒരുമാസത്തെ ശമ്പളംതന്നെ വേണമെന്ന സര്‍ക്കാരിന്റെ പിടിവാശിക്കെതിരെ കോടതിയെ സമീപിക്കാന്‍ എന്‍ജിഒ സംഘ് തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാര്‍ എത്ര വലിയ തുക നല്‍കിയാലും അതു സര്‍വീസ് രേഖകളിലുണ്ടാകില്ല. ഒരു മാസത്തെ ശമ്പളം ഗഡുക്കളായി നല്‍കിയാലേ ശമ്പള ബില്ലില്‍ അതു രേഖപ്പെടുത്തൂ.