വിവാഹം രാഷ്ട്രീയനേട്ടത്തിന്; തന്നെ ബലിയാടാക്കിയെന്നും തേജ് പ്രതാപ് യാദവ്

തേജ് പ്രതാപ് യാദവും ഐശ്വര്യയും വിവാഹ ചടങ്ങിനിടെ (ഫയൽ ചിത്രം)

പട്നാ∙ രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയായിരുന്നു തന്റെ വിവാഹമെന്നു ആർജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ്. ഭാര്യ ഐശ്വര്യ റായ്‌യിൽ നിന്നു വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടു തേജ് പ്രതാപ് കോടതിയെ സമീപിച്ചെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയാണു വെളിപ്പെടുത്തൽ. കുടുംബത്തിന്റെയും പാർട്ടിയുടെയും നേട്ടത്തിനു വേണ്ടിയായിരുന്നു വിവാഹം. അതിനു വേണ്ടി താൻ സ്വയം ബലിയാടാകുകയായിരുന്നു.

ഐശ്വര്യയും താനും തമ്മിൽ യാതൊരു രീതിയിലുള്ള ചേർച്ചയുമില്ല. തീർത്തും വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നു വന്നവരാണ്. വിവാഹത്തിനു താൻ ഒരുക്കമായിരുന്നില്ല. മാതാപിതാക്കളെയും സഹോദരനെയുമെല്ലാം ഇതു ബോധിപ്പിച്ചതാണ്. പക്ഷേ, അവരത് കാര്യമായി എടുത്തില്ല. – റാഞ്ചിയിൽ ജയിലിൽ കഴിയുന്ന പിതാവിനെ സന്ദർശിക്കാൻ പോകുന്നതിനു മുന്നോടിയായി തേജ് പ്രതാപ് മാധ്യമങ്ങളോടു പറഞ്ഞു.

കഴിഞ്ഞ മേയ് 12നായിരുന്നു ബിഹാർ മുൻ മന്ത്രി ചന്ദ്രിക റായിയുടെ മകളും മുൻ മുഖ്യമന്ത്രി ദരോഗ റായിയുടെ കൊച്ചുമകളുമായ ഐശ്വര്യ റായ്‌യും തേജ് പ്രതാപ് യാദവും തമ്മിലുള്ള വിവാഹം. ആഡംബരമായി നടന്ന വിവാഹ ചടങ്ങുകൾ ദേശീയതലത്തിൽ ശ്രദ്ധയാകർഷിച്ചിരുന്നു.

ഇനി എന്തൊക്കെ സംഭവിച്ചാലും തീരുമാനത്തിൽ നിന്നു പിന്നോട്ടില്ലെന്നു തേജ് പ്രതാപ് പറഞ്ഞു. പാർട്ടിയിലെ തന്നെ ചില മുതിർന്ന നേതാക്കളാണു വിവാഹത്തിനു ചുക്കാൻ പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ലാലു പ്രസാദ് ഇടപ്പെട്ട് ഇരുവർക്കുമിടയിൽ ഒത്തുതീർപ്പിനു ശ്രമിക്കുന്നുണ്ടെന്നു തേജ് പ്രതാപിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. 2015 മുതൽ 2017 വരെ നിതീഷ് കുമാർ മന്ത്രിസഭയിൽ അംഗമായിരുന്ന തേജ് പ്രതാപ് നിലവിൽ എംഎൽഎയാണ്.