എണ്ണ ഇറക്കുമതിക്കു പിന്നാലെ ചാബഹാറിലും ഇന്ത്യയ്ക്ക് ഉപരോധ ഇളവു നല്‍കി യുഎസ്

വാഷിങ്ടന്‍∙ ഇറാനിലെ തന്ത്രപ്രധാനമായ ചാബഹാര്‍ തുറമുഖ പദ്ധതിയില്‍ ഇന്ത്യയ്ക്ക് ഉപരോധ ഇളവു നല്‍കി യുഎസ്. തുറമുഖത്തെ അഫ്ഗാനിസ്ഥാനുമായി ബന്ധപ്പിക്കുന്ന റെയില്‍വേ ലൈന്‍ നിര്‍മാണത്തിനും ഇളവു നല്‍കിയിട്ടുണ്ട്.

ഉപരോധത്തില്‍ ഉള്‍പ്പെടാത്ത ഉല്‍പ്പന്നങ്ങള്‍ തുറമുഖത്തുകൂടി അഫ്ഗാനിലേക്കു കൊണ്ടുപോകുന്നതിനും തടസമുണ്ടാകില്ലെന്നു യുഎസ് പ്രതിരോധവകുപ്പ് വക്താവ് അറിയിച്ചു. ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യ ഉള്‍പ്പെടെ എട്ടു രാജ്യങ്ങള്‍ക്ക് ഇളവ് അനുവദിച്ചതിനു പിന്നാലെയാണു ചാബഹാര്‍ പദ്ധതിയിലും ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടു സ്വീകരിച്ചത്. 

ഇറാനെതിരെ കഴിഞ്ഞ ദിവസം യുഎസ് കടുത്ത സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചതോടെ ചാബഹാര്‍ തുറമുഖ പദ്ധതി ഉള്‍പ്പെടെ പ്രതിസന്ധിയിലാകുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. ഊര്‍ജം, ബാങ്കിങ്, ഷിപ്പിങ്, കപ്പല്‍ നിര്‍മാണം എന്നിവയ്ക്കാണു പ്രത്യക്ഷത്തില്‍ ഉപരോധമുള്ളത്.

യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാന്റെ പുനര്‍നിര്‍മാണത്തിന് ഏറെ പ്രയോജനകരമായ, ഒമാന്‍ ഉള്‍ക്കടലിലെ തന്ത്രപ്രധാനമായ ചാബഹാര്‍ തുറമുഖത്തിന്റെ വികസനത്തില്‍ ഇന്ത്യ വഹിക്കുന്ന പങ്ക് അംഗീകരിക്കുന്നതു കൊണ്ടാണ് ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചതെന്നാണു റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്റെ സാമ്പത്തികവളര്‍ച്ചയ്ക്ക് ഏറെ നിര്‍ണായകമാണു ചാബഹാര്‍ തുറമുഖമെന്നു യുഎസ് പ്രതിരോധവകുപ്പ് വക്താവ് പറഞ്ഞു. 

ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും ഉള്‍പ്പെടുന്നതാണു ചാബഹാര്‍ തുറമുഖ പദ്ധതി. പാക്കിസ്ഥാനിലൂടെയുള്ള സഞ്ചാരമാര്‍ഗത്തിനുള്ള തടസ്സങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, അഫ്ഗാനിസ്ഥാനുമായും മധ്യേഷന്‍ രാജ്യങ്ങളുമായുള്ള വാണിജ്യ ഇടപാടുകള്‍ക്ക് ചാബഹാര്‍ ഇന്ത്യയ്ക്കു സുപ്രധാനമാണ്. പാക്കിസ്ഥാനിലെ ഗ്വദാര്‍ തുറമുഖത്തിന് 80 കിലോമീറ്റര്‍ മാത്രം അകലെയാണ് ചാബഹാര്‍. ചൈന - പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ പശ്ചാത്തലത്തിലും ചാബഹാര്‍ ഇന്ത്യയ്ക്കു പ്രധാനമാണ്. ചാബഹാര്‍ പദ്ധതിയുടെ ഒന്നാം ഘട്ടമായ ഷഹീദ് ബെഹസ്തി തുറമുഖത്തിന്റെ നടത്തിപ്പു ചുമതല ഇന്ത്യാ പോര്‍ട്‌സ് ഗ്ലോബല്‍ ലിമിറ്റഡിനു കൈമാറാനുള്ള കരാര്‍ അടുത്തിടെ ഒപ്പുവച്ചിരുന്നു.

ചാബഹാര്‍ തുറമുഖം

ഇറാന്റെ തെക്കുകിഴക്കായി ഒമാന്‍ കടലിടുക്കിലാണു ചാബഹാര്‍ തുറമുഖം. ഷാഹിബ് കലന്തേരി, ഷാഹിബ് ബഹേഷ്ടി എന്നീ രണ്ടു തുറമുഖങ്ങള്‍ ചേര്‍ന്നതാണു ചാബഹാര്‍ തുറമുഖം. ഇതില്‍ ഷാഹിബ് ബഹേഷ്ടി വികസനത്തിനാണ് ഇന്ത്യ സഹകരിച്ചത്. 

2003ല്‍ വാജ്‌പേയ് മന്ത്രിസഭയുടെ കാലത്താണ് ഇന്ത്യ - ഇറാന്‍ സഹകരണത്തിനു വാതില്‍ തുറന്നത്. കഴിഞ്ഞ വര്‍ഷം മേയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാനുമായി പുതിയ കരാറുണ്ടാക്കി. ചാബഹാര്‍ തുറമുഖത്തുനിന്നു 100 കിലോമീറ്റര്‍  അകലെയാണു പാക്കിസ്ഥാനില്‍ ചൈനയുടെ നിയന്ത്രണത്തിലുള്ള ഗ്വാദാര്‍ തുറമുഖം. ചൈന ഗ്വാദാര്‍ തുറമുഖത്തു കോടികള്‍ മുടക്കി വന്‍കിട പദ്ധതികള്‍ നടപ്പാക്കുകയാണ്. തൊട്ടടുത്ത് ഇറാനിലെ ചാബഹാര്‍ തുറമുഖത്തിന്റെ വികസനം ഏറ്റെടുക്കാന്‍ കഴിഞ്ഞത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമാണ്.