നിയമനത്തിൽ വിഴ്ചയില്ല; വിജിലൻസ് ക്ലിയറൻസ് ആവശ്യമില്ല: കെ.ടി.ജലീൽ

കണ്ണൂർ∙ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജരായി ബന്ധു അദീപിനെ നിയമിച്ചതിൽ അഴിമതിയോ നടപടിക്രമങ്ങളിൽ വീഴ്ചയോ ഉണ്ടായിട്ടില്ലെന്നു ജലീൽ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വർഷത്തേക്കുള്ള ഡപ്യുട്ടേഷനാണ്. അതിനു പിഎസ്‌സിയുമായി കൂടി ആലോചിക്കേണ്ട ആവശ്യമില്ല. വിജിലൻസ് ക്ലിയറൻസും ആവശ്യമില്ല.

ഒരുലക്ഷത്തി പതിനായിരം ശമ്പളം വാങ്ങുന്ന ഒരാൾ 86,000 രൂപയ്ക്ക് ജോലി ചെയ്യാൻ തയാറായതിന്റെ സാഹചര്യത്തിൽ നൽകിയ താൽക്കാലിക നിയമനം മാത്രമാണ് ഇത്. ‌നിയമനത്തിനുള്ള മാനദണ്ഡങ്ങൾ മാറ്റിയത് കൂടുതൽ ആളുകൾ വരാൻ വേണ്ടിയാണ്. ഇങ്ങനെ മാറ്റിയിട്ടും ഏഴുപേരല്ലേ അപേക്ഷിച്ചുള്ളൂ. യോഗ്യതകളിൽ രണ്ടെണ്ണം പുതുതായി കൂട്ടിച്ചേർക്കുകയാണു ചെയ്തതെന്നും ജലീൽ വിശദീകരിച്ചു.