ജലീലിന്റെ ഭാര്യയെ സ്കൂൾ പ്രിൻസിപ്പലായി നിയമിച്ചതിൽ ചട്ടലംഘനം: യൂത്ത് കോൺഗ്രസ്

മലപ്പുറം∙ മന്ത്രി കെ.ടി. ജലീലിന്റെ ഭാര്യ എൻ.പി. ഫാത്തിമക്കുട്ടിയെ വളാഞ്ചേരി ഹയര്‍സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പലായി നിയമിച്ചതിൽ ചട്ടലംഘനം ആരോപിച്ച് യൂത്ത് കോൺഗ്രസ്. കെഇആര്‍ ചട്ടപ്രകാരമുള്ള സീനിയോറിറ്റി നിബന്ധനകൾ അട്ടിമറിച്ചാണു ഫാത്തിമക്കുട്ടിയെ പ്രിൻസിപ്പലായി നിയമിച്ചതെന്നു സംസ്ഥാന സെക്രട്ടറി സിദ്ധിഖ് പന്താവൂർ പറഞ്ഞു.

ഇതേ സീനിയോറിറ്റിയുള്ള വി.കെ. പ്രീത എന്ന അധ്യാപികയും സ്കൂളിലുണ്ട്. ഒരേ സീനിയോറിറ്റിയുള്ള രണ്ടുപേർ വന്നാൽ നിയമനത്തിനു ജനനത്തീയതി മാനദണ്ഡമാക്കണമെന്നാണു ചട്ടം. ഇതനുസരിച്ചു പ്രീത എന്ന അധ്യാപികയ്ക്കായിരുന്നു യോഗ്യത. എന്നാൽ സ്കൂൾ മാനേജറും ഹയർസെക്കൻ‍ഡറി ഡപ്യൂട്ടി ഡയറക്ടറും ഇക്കാര്യം പരിഗണിച്ചില്ല.

01.05.2016 നാണു ഫാത്തിമക്കുട്ടിയെ സ്കൂളിലെ പ്രിൻസിപ്പലായി നിയമിച്ചത്. ഈ നിയമനത്തിന് 26.7.2016നു സർക്കാർ അംഗീകാരം നൽകി. ഇതിനെതിരെ പ്രീത എന്ന അധ്യാപിക നൽകിയ പരാതിയില്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായില്ലെന്നു സിദ്ധിഖ് പന്താവൂർ ആരോപിച്ചു.