കിലയിലും ജലീലിന്റെ അനധികൃതനിയമനം, എസ്ഡിപിഐക്കാരനെ വഴിവിട്ട് നിയമിച്ചു: അനില്‍ അക്കര

അനിൽ അക്കര, കെ.ടി. ജലീൽ (ഫയൽ ചിത്രം)

തിരുവനന്തപുരം∙ തൃശൂര്‍ ‘കില’യിലും മന്ത്രി കെ.ടി. ജലീൽ അനധികൃതനിയമനം നടത്തിയെന്ന് അനില്‍ അക്കര എംഎല്‍എ. എസ്ഡിപിഐക്കാരനെയാണു വഴിവിട്ടു നിയമിച്ചത്. മാനദണ്ഡം പാലിക്കാതെ പത്തുപേരെ വേറെയും നിയമിച്ചെന്ന് എംഎല്‍എ ആരോപിച്ചു.

അതേസമയം, ന്യൂനപക്ഷ വികസന കോര്‍പറേഷനില്‍ നടന്ന നിയമനം താല്‍ക്കാലികമാണെന്നു മന്ത്രി കെ.ടി. ജലീൽ മാധ്യമങ്ങളോടു പറഞ്ഞു. ഒരു വര്‍ഷത്തേക്കു മാത്രമാണു നിയമനം നടന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്നു മുമ്പും നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതിനിടെ, ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലെ ബന്ധുനിയമനത്തില്‍ ജലീലിന്റെ ഇടപെടല്‍ കൂടുതല്‍ തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. യോഗ്യതയില്‍ ഇളവുവരുത്തിയത് കോര്‍പറേഷന്‍ അല്ലെന്നു ചെയര്‍മാന്‍ വ്യക്തമാക്കിയതോടെ ജലീലിനു മന്ത്രിസ്ഥാനത്തു തുടരാന്‍ ഇനി അവകാശമില്ല. മന്ത്രിയെ രക്ഷിക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കില്‍ ശക്തമായ സമരം നേരിടേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു.

ഇതിനിടെ, ബന്ധുനിയമന വിവാദം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിരുവനന്തപുരത്ത് തുടങ്ങി. നിയമസംവിധാനങ്ങളില്‍നിന്നുള്ള ഇടപെടലുണ്ടാകാതെ മന്ത്രിയെ മാറ്റുന്ന കാര്യം പാര്‍ട്ടി ആലോചിക്കാനിടയില്ല. പി.കെ. ശശിക്കെതിരായ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടും സെക്രട്ടേറിയറ്റ് പരിഗണിച്ചേക്കും.