ആഴക്കടൽ മൽസ്യബന്ധനം: സംസ്ഥാന പദ്ധതികളോട് ഉദാരസമീപനം വേണമെന്നു മുഖ്യമന്ത്രി

പരിപാടിയിൽ പ്രസംഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി∙ ആഴക്കടൽ മത്സ്യബന്ധനം ജനകീയമാക്കുന്നതിനു സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്യുന്ന പദ്ധതികളോടു കേന്ദ്ര സർക്കാറിൽ നിന്ന് ഉദാര സമീപനമുണ്ടാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദക്ഷിണേന്ത്യൻ ഫിഷറീസ് മന്ത്രിമാരുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അമിത മത്സ്യബന്ധനവും ട്രോളിങ് നിരോധങ്ങളും സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കപ്പെടുന്നതിനു കേന്ദ്ര, സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും ഏകീകൃതമായി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണം. മത്സ്യ മേഖലയിലെ വികസന പ്രവർത്തനങ്ങൾ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ബാധിക്കാതിരിക്കുന്നതിനു നിയമ പരിരക്ഷ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങൾക്ക‌ു മത്സ്യബന്ധനത്തിനുള്ള അവകാശ പരിധി 36 നോട്ടിക്കൽ മൈൽ ആയി ഉയർത്തുന്നതിനു കേന്ദ്രത്തോട് ആവശ്യപ്പെടാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ മന്ത്രിമാരുടെ യോഗം തീരുമാനിച്ചാതായി ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. മത്സ്യബന്ധന മേഖലയുടെ വികസനത്തിനു കേന്ദ്രത്തിൽ പ്രത്യേക ഫിഷറീസ് മന്ത്രാലയം രൂപീകരിക്കണം. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു നിരീക്ഷണ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതും യോഗം ചർച്ച ചെയ്തതായി മന്ത്രി അറിയിച്ചു.