അറസ്റ്റ് ആവശ്യം വികാരപ്രകടനമെന്ന് ശ്രീധരൻപിള്ള; ബിജെപിയില്‍ ആശയക്കുഴപ്പം

കോഴിക്കോട് ∙ യുവമോർച്ച വേദിയിലെ വിവാദ പ്രസംഗത്തിനെതിരായ നിയമ നടപടി സംബന്ധിച്ച് ബിജെപിയിൽ ഭിന്നത. കേസ് റദ്ദാക്കാനുള്ള ഹർജി നൽകാൻ പാർട്ടിയുടെ അനുമതി ആവശ്യമില്ലെന്ന് ബിജെപി അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. അറസ്റ്റ് ചെയ്യാൻ പൊലീസിനെ വെല്ലുവിളിച്ച പാർട്ടി പ്രവര്‍ത്തകരുടെ നിലപാടു വികാര പ്രകടനമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

വിവാദ പ്രസംഗത്തിനെതിരായ കേസ് രാഷ്ട്രീയമായി നേരിടണമെന്നാണ് പാർട്ടിയുടെ പൊതുവികാരം. എം.ടി. രമേശ് ഉൾപ്പെടെ നാലു ജനറൽ സെക്രട്ടറിമാരും സർക്കാരിനെ വെല്ലുവിളിച്ചു മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നവരാണ്. രഥയാത്രയുടെ വേദികളിൽ അവരതു പരസ്യമാക്കിയിട്ടുമുണ്ട്. കേസിനെ നിയമപരമായി നേരിടാൻ വ്യക്തിപരമായി തനിക്ക് അവകാശമുണ്ടെന്നും പാർട്ടി അനുമതി വേണ്ടെന്നും പിള്ള പ്രതികരിച്ചു.

ശബരിമല പ്രതിഷേധത്തിന്റെ പേരിൽ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രകാശ് ബാബുവിനെതിരായ കേസും രാഷ്ട്രീയമായി നേരിടാനാണ് ബിജെപി തീരുമാനം. കേസിൽ ജാമ്യമെടുക്കില്ലെന്നും അറസ്റ്റ് വരിക്കാൻ തയാറാണെന്നും പ്രകാശ് ബാബു പ്രതികരിച്ചിട്ടുണ്ട്. സർക്കാരിനെ വെല്ലുവിളിച്ചു മുന്നോട്ടു പോകാനുള്ള പാർട്ടി പൊതുവികാരത്തിനെതിരാണ് ശ്രീധരൻപിള്ളയുടെ നിയമ നടപടി.