ദക്ഷിണ ചൈനാ കടലില്‍ യുഎസ്-ചൈന യുദ്ധക്കപ്പലുകള്‍ നേര്‍ക്കുനേര്‍: കൂട്ടിയിടി ഒഴിവായി

Repesentative Image

ഹൊനോലുലു ∙ ദക്ഷിണ ചൈനാ കടലില്‍ അമേരിക്കയുടെ ചൈനയുടെയും യുദ്ധക്കപ്പലുകള്‍ നേര്‍ക്കുനേര്‍ വന്നതു കടുത്ത ആശങ്കയ്ക്കിടയാക്കിയതായി റിപ്പോര്‍ട്ട്. തൊട്ടടുത്തെത്തിയിട്ടും ചൈനീസ് കപ്പല്‍ വഴി മാറ്റാതെ അമേരിക്കന്‍ കപ്പലിനെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് അമേരിക്കന്‍ അധികൃതര്‍ പറയുന്നു. സെപ്റ്റംബര്‍ 30 നായിരുന്നു സംഭവം. ദക്ഷിണ ചൈനാ കടലില്‍ സൈനികസാന്നിധ്യം വര്‍ധിപ്പിക്കാന്‍ അമേരിക്കയും ചൈനയും തീരുമാനിച്ചതോടെ ഇത്തരം സംഘര്‍ഷങ്ങള്‍ക്കുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.

അമേരിക്കന്‍ കപ്പലായ ഡെക്കാട്ടര്‍ വിസില്‍ മുഴുക്കിയെങ്കിലും ചൈനീസ് കപ്പല്‍ ശ്രദ്ധിച്ചില്ല. ഒടുവില്‍ ഡെക്കാട്ടര്‍ അതിവേഗത്തില്‍ വലത്തേക്കു വെട്ടിത്തിരിച്ചതോടെയാണ് കൂട്ടിയിടി ഒഴിവായത്. അല്ലെങ്കില്‍ നൂറുകണക്കിനു നാവികര്‍ കൊല്ലപ്പെടുമായിരുന്നുവെന്ന് അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത സംഘര്‍ഷത്തിനു സംഭവം വഴിവയ്ക്കുമായിരുന്നുവെന്നും വിലയിരുത്തപ്പെടുന്നു. ഇരു കപ്പലുകളും 41 മീറ്റര്‍ അടുത്തെത്തിയിരുന്നു. ദക്ഷിണ ചൈനാ കടലില്‍ യുഎസ്, ചൈനീസ് യുദ്ധക്കപ്പലുകള്‍ ഇത്രയും അടുത്തെത്തുന്നത് ഇതാദ്യമായാണ്.