‘കൂർത്ത കെണി’യൊരുക്കി മാവോയിസ്റ്റുകൾ, ഗൂഗിൾ മാപ്പിലും ഇല്ലാത്ത ഇടങ്ങൾ; സുരക്ഷാക്കോട്ട

ഛത്തീസ്ഗഡിൽ ആദ്യഘട്ട വോട്ടെടുപ്പിനു മുന്നോടിയായി വിവിധയിടങ്ങളിൽ സുരക്ഷാഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നു.

റായ്പുർ∙ ഛത്തീസ്ഗഡിലെ 18 മണ്ഡലങ്ങളിലേക്കു തിങ്കളാഴ്ച ആദ്യഘട്ട വോട്ടെടുപ്പു നടക്കുമ്പോൾ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത് ഒരു ലക്ഷത്തോളം ഉദ്യോഗസ്ഥരെ. മാവോയിസ്റ്റ് ഭീഷണിയുള്ള എട്ടു ജില്ലകളിലായാണ് ഈ 18 മണ്ഡലങ്ങളുമുള്ളത്. ചിലയിടങ്ങളിൽ കഴിഞ്ഞ 20 വർഷത്തിനിടെ ഇതാദ്യമായാണു വോട്ടെടുപ്പിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ചില സ്ഥലങ്ങൾ ഇപ്പോഴും ഗൂഗിള്‍ മാപ്പിൽ പോലും ഉൾപ്പെടുത്താനായിട്ടില്ലെന്നും പൊലീസ് പറയുന്നു. 

അധികാരത്തിലെത്തിയാൽ മാവോയിസ്റ്റ് ഭീഷണിയിൽ നിന്നു സംസ്ഥാനത്തെ മുക്തമാക്കുമെന്നാണ് ബിജെപിയുടെ വാഗ്ദാനം. അതിനാൽത്തന്നെ ആക്രമണ രീതികളിൽ ഉൾപ്പെടെ മാറ്റം വരുത്തിയാണ് ഇത്തവണ തിരഞ്ഞെടുപ്പിൽ അശാന്തി സൃഷ്ടിക്കാൻ മാവോയിസ്റ്റുകൾ രംഗത്തിറങ്ങിയിരിക്കുന്നത്. ‘സെൻസിറ്റീവ്’ അല്ലാത്ത ഇടങ്ങളും ഇത്തവണ മാവോയിസ്റ്റ് ‘ഹിറ്റ്‌ലിസ്റ്റി’ലുണ്ട്. വോട്ടെടുപ്പ് ബഹിഷ്കരിക്കാൻ മാവോയിസ്റ്റുകൾ ആഹ്വാനം ചെയ്തിട്ടുമുണ്ട്. ഇതിനു പിന്നാലെ നടത്തിയ ആക്രമണങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസത്തിനകം കൊല്ലപ്പെട്ടത് 16 പേർ. 

∙ ഒക്ടോബര്‍ 27: ബിജാപുരിൽ സൈനികവാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിൽ നാല് സിആർപിഎഫ് ജവാന്മാരും മറ്റു രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരും വീരമൃത്യു വരിച്ചു.

∙ ഒക്ടോബർ 30: ദന്തേവാഡ ജില്ലയിലെ ആരണ്‍പുരിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത് മൂന്നു പൊലീസുകാർ. ദൂരദർശന്റെ ക്യാമറാമാനും കൊല്ലപ്പെട്ടു.

∙ നവംബർ 8: ദന്തേവാഡയിൽ സൈനിക വാഹനം ബോംബ് വച്ച് തകർത്തു– ഒരു സിഐഎസ്എഫ് ജവാൻ വീരമൃത്യു വരിച്ചു. നാലു സാധാരണക്കാരും മരിച്ചു.

∙ വോട്ടെടുപ്പിന്റെ തലേന്നായ നവംബർ 11ന് അന്തഗഡിലെ രണ്ടു ഗ്രാമങ്ങളിൽ ഏഴു സ്ഫോടനങ്ങളാണു മാവോയിസ്റ്റുകൾ നടത്തിയത്. ഒരു ബിഎസ്എഫ് ജവാന്‍ വീരമൃത്യു വരിച്ചു. ബിജാപുറിലുണ്ടായ ആക്രമണത്തിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു, മറ്റൊരാൾ അറസ്റ്റ് ചെയ്യപ്പെട്ടു.

മറ്റു സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ 65,000 പൊലീസുകാരെ ഉൾപ്പെടെയാണു സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നതെന്ന് ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള സ്പെഷൽ ഡയറക്ടർ ജനറൽ ഡി.എം.അവാസ്തി പറഞ്ഞു. തിരഞ്ഞെടുപ്പു പ്രക്രിയ തടസ്സപ്പെടുത്താൻ ഒരു കാരണവശാലും മാവോയിസ്റ്റുകളെ അനുവദിക്കില്ല. സിആർപിഎഫ്, ബിഎസ്എഫ്, ഐടിബിപി ഉള്‍പ്പെടെ 650 കമ്പനി സൈനികരെയും നിയോഗിച്ചു. നിലവിൽ സംസ്ഥാനത്തു മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി സേവനത്തിലുള്ള പൊലീസും സൈനികരും കൂടാതെയാണ് കേന്ദ്രം അധികസുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്. 

ആകെയുള്ള 4336 പോളിങ് ബൂത്തുകളിൽ 650 ഇടത്തേക്ക് വോട്ടെടുപ്പു സാമഗ്രികളും ഉദ്യോഗസ്ഥരെയും എത്തിച്ചത് ഹെലികോപ്റ്ററിലാണ്. ശനിയാഴ്ച ഇവിടങ്ങളിലെ ഒരുക്കങ്ങൾ പൂർത്തിയാക്കി. ശേഷിച്ചവരെ ഞായറാഴ്ച റോഡ് മാർഗം എത്തിച്ചു.  വ്യോമസേനയുടെയും ബിഎസ്എഫിന്റെയും ഹെലികോപ്റ്ററുകളും സജ്ജമാണ്. വോട്ടെടുപ്പു പൂർത്തിയാക്കി പോളിങ് സാമഗ്രികളും ഉദ്യോഗസ്ഥരെയും സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണു പ്രധാന വെല്ലുവിളിയെന്നും അവാസ്തി പറഞ്ഞു. 

ഛത്തീസ്ഗഡിലെ വനമേഖലയിൽ നിയോഗിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ.

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്)യുടെ സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി–പിഎൽജിഎ അപ്രതീക്ഷിത ആക്രമണങ്ങൾക്കു പദ്ധതിയിടുന്നുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം. സുഖ്മയിലും ദന്തേവാഡയിലും മാത്രം 150-ഓളം സായുധ മാവോയിസ്റ്റുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതായും പറയുന്നു.

പുഴകളും കാടുമെല്ലാം താണ്ടിയാണ് അധ്യാപകരും സർക്കാർ ജീവനക്കാരും ഉൾപ്പെടെയുള്ള പോളിങ് ഉദ്യോഗസ്ഥർ പല വോട്ടെടുപ്പു കേന്ദ്രങ്ങളിലും എത്തിയിരിക്കുന്നത്. ഇവർക്കൊപ്പം വോട്ടിങ് യന്ത്രങ്ങളും സുരക്ഷിതമായി തിരികെയെത്തിക്കുക എന്ന ദൗത്യവും സൈന്യത്തിനുണ്ട്. എന്നാൽ കാടുകളില്‍ കാത്തിരിക്കുന്നതാകട്ടെ മാവോയിസ്റ്റുകൾ ഒരുക്കിയിരിക്കുന്ന ‘കെണികളും’. 

ബിജാപുരിൽ പോളിങ് ഉദ്യോഗസ്ഥരുമായി ഹെലികോപ്റ്റർ (ഇടത്) ദന്തേവാഡയിൽ ഡ്രോൺ നിരീക്ഷണം നടത്തിയപ്പോൾ(വലത്)

ബസ്താറിൽ പലയിടത്തു നിന്നും കുന്തമുനകളും മറ്റുമുൾപ്പെടെ മാവോയിസ്റ്റുകളുടെ പ്രാകൃതമായ കെണികൾ കണ്ടെത്തിയിരുന്നു. മണ്ണിൽ കുഴിച്ചിട്ട കൂർപ്പിച്ച ഇരുമ്പു കമ്പികൾ കൂടാതെ തലയിലേക്കു വലിയ പാറക്കല്ലുകളും മരക്കഷ്ണങ്ങളും വന്നുവീഴും വിധം സജ്ജീകരിച്ചിരിക്കുന്ന കെണികളും പൊലീസ് തിരിച്ചറിഞ്ഞ് നശിപ്പിച്ചു.  ദന്തേവാഡയിലെ ഒരു കാട്ടിൽ നിന്നു മാത്രം ഇത്തരത്തിൽ 14 കെണികൾ മാറ്റി. ആണികൾക്കു പകരം ചിലയിടത്ത് മണ്ണിൽ ബോംബുകളായിരുന്നു. ഇവയ്ക്കു മുകളിൽ പുല്ലും കരിയിലകളും വിതറി ശ്രദ്ധതിരിക്കുന്നതാണു രീതി. വൻതോതിൽ സൈനിക വിന്യാസമുള്ള മേഖലകളിൽ കുറഞ്ഞത് 500 കെണികളെങ്കിലും ഒരുക്കണമെന്നാണ് മാവോയിസ്റ്റ് നേതൃതലത്തിലെ നിർദേശമെന്നും ദേശീയമാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 

സമ്പൂർണ തിരഞ്ഞെടുപ്പ് വിശകലനം

ലാൻഡിങ്ങിനിടെ ഹെലികോപ്റ്ററുകൾ ആക്രമിക്കാനും മാവോയിസ്റ്റുകൾക്കു പദ്ധതിയുണ്ടെന്ന റിപ്പോർട്ടും ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ലാൻഡിങ് നടക്കുന്ന സ്ഥലത്തിനു 900 മീറ്റർ ചുറ്റളവിൽ ഭീഷണികളൊന്നുമില്ലെന്ന് ഉറപ്പായെങ്കിൽ മാത്രമേ ഹെലികോപ്റ്റർ ഇറങ്ങുകയുള്ളൂ. വോട്ടെടുപ്പു കഴിഞ്ഞു മടങ്ങുമ്പോൾ വോട്ടിങ് യന്ത്രങ്ങൾ തട്ടിയെടുത്തു നശിപ്പിക്കുകയെന്ന തന്ത്രവും മാവോയിസ്റ്റുകൾ മെനയുന്നുണ്ട്. ഇതു വർഷങ്ങളായി മാവോയിസ്റ്റ് സ്വാധീന മേഖലയിൽ ഇവർ നടപ്പാക്കുന്ന നീക്കവുമാണ്. 

സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകള്‍ സ്ഫോടകവസ്തുക്കൾ ഒരുക്കുന്നുണ്ടെന്നാണു റിപ്പോർട്ട്. ഇത്തരം ഭീഷണിയുള്ള മേഖലകളിലും റോഡുകളിലും നിരീക്ഷണത്തിനായി പ്രത്യേക ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്. ബസ്താർ, മുഖ്യമന്ത്രി രമൺ സിങ്ങിന്റെ മണ്ഡലമായ രാജ്നന്ദ്ഗാവ് എന്നിവിടങ്ങളിൽ നിന്ന് ഇക്കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ മുന്നൂറോളം സ്ഫോടക വസ്തുക്കളാണു പിടിച്ചെടുത്തത്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നു സംസ്ഥാനത്തെത്തുന്നവർ പൊലീസിന്റെ (ആർഒപി) ക്ലിയറൻസ് ലഭിക്കാതെ മുന്നോട്ടു പോകരുതെന്നാണു നിര്‍ദേശം. റോഡുകളിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്താൻ പരിശോധനകളും നടത്തുന്നുണ്ട്. സൈനികവാഹനങ്ങൾ കടന്നു പോകും മുൻപ് ‘ഡീ–മൈനിങ്’ പരിശോധനകളും ആവശ്യമെങ്കിൽ നടത്തും.

പലയിടത്തും വനമേഖലകളിലും മറ്റും മാവോയിസ്റ്റുകൾ കൂർത്ത മുനകളോടെ ഇരുമ്പു കമ്പികൾ പാകിയിട്ടുണ്ട്. അതിനാല്‍ത്തന്നെ നടന്നുള്ള പട്രോളിങ് ഒഴിവാക്കാനും നിർദേശമുണ്ട്. മധ്യപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഒഡിഷ എന്നിവിടങ്ങളിലെ അതിർത്തിയിലും സുരക്ഷ ശക്തമാക്കി. മഹാരാഷ്ട്ര, തെലങ്കാന, ഒഡിഷ എന്നിവിടങ്ങളിൽ നിന്നുള്ള മാവോയിസ്റ്റുകൾ ഛത്തീസ്ഗഡിലേക്കു കടന്നതായുള്ള വിവരവും ഇന്റലിജൻസ് കൈമാറിയിട്ടുണ്ട്. 

അതിനിടെ തിരഞ്ഞെടുപ്പിൽ ഇതാദ്യമായി ചെറുഡ്രോണുകളും പൊലീസ് ഉപയോഗിക്കുന്നുണ്ട്. പൂർണമായും മാവോയിസ്റ്റുകളുടെ അധീനതയിലുള്ള മേഖലകളിലാണിത്. കൗശൽനർ എന്ന കൊടുംവനപ്രദേശത്തിലൂടെ മാവോയിസ്റ്റുകൾ സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങളും കഴിഞ്ഞ ദിവസം ലഭിച്ചു. ഇവിടെ ഏകദേശം 6000-7000 ച.കി.മീ. വരുന്ന പ്രദേശത്ത് യാതൊരു തരത്തിലുള്ള സുരക്ഷാഉദ്യോഗസ്ഥരെയും ഇന്നേവരെ വിന്യസിക്കാനായിട്ടില്ല. എന്നാൽ ഇവിടത്തെ ഡ്രോണുകളിൽ നിന്നുള്ള ചിത്രങ്ങൾ ലഭിക്കാൻ വൈകുന്നതിനാൽ മാവോയിസ്റ്റുകളെ പിടികൂടുകയെന്നതു നിലവിൽ അസാധ്യമാണ്. 

മാവോയിസ്റ്റ് ഭീഷണിയുള്ള മോഹ്‌ല–മൻപുർ, അന്താഗഡ്, ഭാനുപ്രതാപ്‌പുർ, കൻകെർ, കേശ്കൽ, കോണ്ഡഗാവ്, നാരായണ്‍പുർ, ദന്തേവാഡ, ബിജാപുർ, കോണ്ഡ‍ എന്നീ പത്തു മണ്ഡലങ്ങളിൽ രാവിലെ ഏഴു മുതൽ വൈകിട്ട് മൂന്നു വരെയാണ് പോളിങ്. ഖൈർഗഡ്, ഡോങ്കർഗഡ്, രാജ്നന്ദൻഗാവ്, ഡൊണ്ടാർഗാവ്, ഖുജ്ജി, ബസ്തർ, ജഗ്ദൽപുർ, ചിത്രകൂട് എന്നീ എട്ടു മണ്ഡലങ്ങളില്‍ രാവിലെ എട്ടു മുതൽ അഞ്ചു വരെയും. 12 മണ്ഡലങ്ങളെ റെഡ് സോൺ ആയാണു കണക്കാക്കിയിരിക്കുന്നത്.