റഫാൽ: കടുത്ത ചോദ്യങ്ങള്‍ ഉയര്‍ത്തി സുപ്രീം കോടതി; വിധി പറയാന്‍ മാറ്റി

റഫാൽ ഫൈറ്റർ ജെറ്റ് (ഫയൽ ചിത്രം)

ന്യൂഡൽഹി∙ റഫാൽ ഇടപാടിനെക്കുറിച്ചുള്ള സുപ്രീം കോടതിയിലെ വാദപ്രതിവാദങ്ങൾ അവസാനിച്ചു. കേസ് വിധിപറയാൻ മാറ്റി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ ഒന്നാം നമ്പർ കോടതിമുറിയിൽ നാലു മണിക്കൂറിലേറെ നീണ്ട വാദത്തിൽ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കേന്ദ്രത്തിനുവേണ്ടി വാദിച്ചു. എജിയുടെ വാദങ്ങളോടു ശക്തമായ ചോദ്യങ്ങളാണ് ചീഫ് ജസ്റ്റിസ് ഉയർത്തിയത്. ഇടയ്ക്ക് വ്യോമസേന ഉപമേധാവി ചലപതിയെയും നാലു മുതിർന്ന ഉദ്യോഗസ്ഥരെയും കോടതി വിളിച്ചുവരുത്തി ചോദ്യങ്ങൾ ചോദിച്ചു. വ്യോമസേനയിൽ പുതിയതായി ചേർത്തവ എന്തൊക്കെയാണെന്ന് കോടതി ചലപതിയോടു ചോദിച്ചു. സുഖോയ് – 30 ആണ് ഏറ്റവും പുതിയതായി സേനയിൽ ചേർത്തിരിക്കുന്നത്. ഇനി 4+ തലമുറയിൽപ്പെട്ട ഫൈറ്റർ ജെറ്റുകളാണ് ഇന്ത്യയ്ക്ക് ആവശ്യം. അതാണ് റഫാൽ ജെറ്റുകൾ തിരഞ്ഞെടുത്തതെന്നും ചലപതി കോടതിയെ അറിയിച്ചു.

അതേസമയം, റഫാല്‍ വിലയില്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. വില വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് കോടതി തീരുമാനിച്ചാൽ മാത്രം ഇക്കാര്യം ചർച്ച ചെയ്താൽ മതിയെന്നും ഗൊഗോയ് കൂട്ടിച്ചേർത്തു. എന്നാൽ റഫാല്‍ ഇടപാടു കോടതി വിലയിരുത്തുന്നതിനെ കേന്ദ്രം എതിര്‍ത്തു. ഇടപാടു വിലയിരുത്തേണ്ടതു വിദഗ്ധരാണെന്നും കോടതി അല്ലെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ വിളിക്കാനുള്ള നീക്കം കോടതി തടഞ്ഞു. വ്യോമസേനാ ഉദ്യോഗസ്ഥരെ നേരിട്ടു കേള്‍ക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പൂർണ വിവരങ്ങൾ ‘ലൈവ് അപ്‌ഡേറ്റ്സിൽ’ അറിയാം.