ജലീലിനെതിരെ ഇനി എന്തു തെളിവ് വേണം?, ഉടൻ രാജി വയ്ക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം∙ വഴിവിട്ട രീതിയില്‍ നിയമനം നല്‍കുന്നതിന് മന്ത്രി കെ.ടി.ജലീല്‍ നേരിട്ട് ഇടപെട്ടതിന്റെ തെളിവ് പുറത്തുവന്നതോടെ മന്ത്രി സ്ഥാനത്തു തുടരുന്നതിന് അദ്ദേഹത്തിന് അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ തന്റെ ബന്ധുവിനെ നിയമിക്കുന്നതിനു വേണ്ടി യോഗ്യതയില്‍ മാറ്റം വരുത്തുന്നതിനു മന്ത്രി നേരിട്ടു നിര്‍ദേശം നല്‍കിയതിന്റെ തെളിവുകളാണു പുറത്തു വന്നിട്ടുള്ളത്. മന്ത്രിസഭാ യോഗത്തിനു വയ്ക്കണമെന്ന വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശം മന്ത്രി തള്ളുകയും ചെയ്തു. ഇതു സംബന്ധിച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ് പുറത്തു വിട്ട രേഖകള്‍ ആധികാരികമാണ്– ചെന്നിത്തല പറഞ്ഞു.

വ്യക്തമായ സ്വജനപക്ഷപാതത്തിനും സത്യപ്രതിജ്ഞാ ലംഘനത്തിനും ഇതിനപ്പുറം എന്തു തെളിവാണ് ഇനി ആവശ്യമുള്ളത്? അദ്ദേഹം  ഇനിയും മന്ത്രിസഥാനത്തു തുടരുന്നതു ജനങ്ങളോടും നീതിന്യായ വ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണ്. തരിമ്പെങ്കിലും നീതിബോധം കെ.ടി.ജലീലിനുണ്ടെങ്കില്‍ ഉടനടി അദ്ദേഹം രാജി വയ്ക്കണം. അല്ലെങ്കില്‍ മുഖ്യമന്ത്രി രാജി ചോദിച്ചു വാങ്ങണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം കെ.ടി. ജലീലിനെതിരായ പ്രതിഷേധങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുകയാണ്. കൊല്ലത്ത് മന്ത്രിയെ മുസ്‍ലിം ലീഗ്- യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാട്ടി. ചാത്തന്നൂരിനു സമീപം ശീമാട്ടി ജംങ്ഷനിലാണു സംഭവം. പ്രതിഷേധത്തെ തുടര്‍ന്ന് അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരവൂരിൽ പൊതുചടങ്ങിൽ പങ്കെടുക്കാൻ പോകുന്ന വഴിയിൽ വച്ചാണു മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായത്. മന്ത്രിയുടെ വാഹനത്തിനു നേരെ യൂത്ത് ലീഗ് പ്രവർത്തകർ കുപ്പിയെറിയുകയും ചെയ്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും മന്ത്രിയെ കരിങ്കൊടി കാട്ടി.