തളിപ്പറമ്പിൽ പേയിളകിയ പശുവിന്റെ ആക്രമണത്തിൽ രണ്ടുപേർക്കു പരുക്ക്

തളിപ്പറമ്പ് അടിക്കുംപാറയിൽ അക്രമാസക്തമായ പശുവിനെ നാട്ടുകാരും അഗ്നിശമനസേന അംഗങ്ങളും ചേർന്ന് പിടിച്ചുകെട്ടിയപ്പോൾ.

തളിപ്പറമ്പ്∙ പേയിളകിയതെന്നു സംശയിക്കുന്ന പശുവിന്റെ ആക്രമണത്തിൽ രണ്ടുപേർക്കു പരുക്കേറ്റു. തളിപ്പറമ്പിനു സമീപം അടിക്കും പാറയിലാണ് ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി അക്രമാസക്തയായ പശു നാടിനെ വിറപ്പിച്ചത്. പശുവിന്റെ കുത്തേറ്റു നിലത്തു വീണു തലയ്ക്കു പരിക്കേറ്റ അടിക്കുംപാറയിലെ പി.വി. നളിനി(58)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നു നാട്ടുകാരുടെയും അഗ്നിശമനസേനയുടെയും നേതൃത്വത്തിൽ ഏറെ പണിപ്പെട്ടു പശുവിനെ പിടിച്ചുകെട്ടി.

സന്തോഷ് എന്നയാൾക്കും കുത്തേറ്റതായി പറയുന്നു. ഇന്നലെ രാത്രി മദ്രസയിലേക്കു പോവുകയായിരുന്ന കുട്ടികളെയും പശു ആക്രമിച്ചിരുന്നു. കുട്ടികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നു രാവിലെയാണു പശു വീണ്ടും അക്രമം തുടങ്ങിയത്. രാവിലെ ജോലിക്കും രാജരാജേശ്വര ക്ഷേത്രത്തിലേക്കും പോവുകയായിരുന്ന പലരെയും പശു ഓടിച്ചു. ഇതിനിടയിലാണു നളിനിയെയും കുത്തി വീഴ്ത്തിയത്.

തളിപ്പറമ്പ് നഗരത്തിൽ അലഞ്ഞുതിരിയുന്ന പശുക്കൾ ജനങ്ങൾക്കു ദുരിതമായി മാറിയിരിക്കയാണ്. ഇതിൽ പെട്ടതാണ് അക്രമം നടത്തിയതെന്നു കരുതുന്നു. തെരുവുനായ്ക്കളുടെ കടിയേറ്റു പശുവിനു പേവിഷബാധയേറ്റിട്ടുണ്ടോ എന്ന സംശയം ഉയർന്നിട്ടുണ്ട്.