ശബരിമലയിൽ ഖാലിസ്ഥാൻ മോഡൽ നടപ്പാക്കി സംഘപരിവാർ : കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം ∙ ഖാലിസ്ഥാൻ മോഡൽ നടപ്പാക്കി സംഘപരിവാർ ശക്തികൾ  ശബരിമല പിടിച്ചെടുക്കാൻ ശ്രമം നടത്തുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 5,300 ശാഖകളൽ നിന്നുള്ള 50,000 പ്രവർത്തകരെ ഇതിനായി ശബരിമലയിലേക്ക് ആർഎസ്എസ് നിയോഗിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

നിയോജകമണ്ഡല അടിസ്ഥാനത്തിൽ ഓരോ ദിവസവും ശബരിമലയിലെത്തുന്നതിനു ബിജെപി പ്രവർത്തകരെയും നേതാക്കളെയും നിശ്ചയിട്ടുണ്ട്. ഇതിനുള്ള സർക്കുലറും ബിജെപി പുറത്തിറക്കിയിട്ടുണ്ട്. 

ഭക്തരെന്ന വ്യാജേന സന്നിധാനത്തെത്തി കുഴപ്പങ്ങൾക്കു ശ്രമിച്ചവരെയാണ് കഴിഞ്ഞ ദിവസം രാത്രി അറസ്റ്റു ചെയ്തത്. പ്രതിഷേധത്തിനു നേതൃത്വം നൽകിയ ആർ. രാജേഷ് മൂവാറ്റുപുഴയിലെ ആർഎസ്എസ് കാര്യവാഹക് ആണ്. രാജേഷിനൊപ്പം പിടിയിലായ ആറു പേർ സജീവ ആർഎസ്എസുകാരാണെന്നും കണ്ടെത്തിയിട്ടുണ്ട്. സന്നിധാനവും നടപ്പന്തലും ബിജെപി സമരവേദിയാക്കരുത്.  

സംസ്ഥാന സർക്കാർ യുവതികളെ ശബരിമലയിൽ കയറ്റാൻ തീരുമാനിച്ചിട്ടില്ല .കേരളത്തിലെ ഏറ്റവും വലിയ വനിതാസംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷനും ഇത്തരമൊരു നീക്കം നടത്തുന്നില്ല. സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ശ്രമം മാത്രമാണ് സർക്കാരിന്റേത്. സ്ത്രീകളെയും കുട്ടികളെയും കവചമാക്കിയുള്ള സമരത്തിനാണു പരിവാർ സംഘടനകൾ ശ്രമിക്കുന്നത്. ശബരിമലയിലെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഇപ്പോൾ കേന്ദ്രസേനയുടെ ആവശ്യമില്ല. എന്നാൽ ആവശ്യമെന്നു കണ്ടാൽ വിളിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

ബിജെപിയും ആർഎസ്എസും ശബരിമലയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു

കണ്ണൂര്‍ ∙ സങ്കടങ്ങളും പ്രയാസങ്ങളും  ദൈവ സങ്കല്‍പമുള്ള ആൾക്ക് മുന്നിൽ ഇറക്കി വെക്കാനാണ് മനുഷ്യൻ ആരാധനാലയങ്ങളിലെത്തുന്നത്. അവിടെ നിന്ന് സമാധാനത്തോടെ ആരാധിക്കാനുള്ള അന്തരീക്ഷം ഉണ്ടാകണം. ഇതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ പറഞ്ഞു. ശബരിമല തീർഥാടകർക്കുള്ള ഐആർപിസി ഹെൽപ്പ് ഡെസ്ക് മുഴപ്പിലങ്ങാട് ശ്രീ കൂർമ്പ ക്ഷേത്ര ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനെ എതിർക്കുന്നവരുടെ നേതാക്കൾ പോലും സുപ്രീം കോടതി വിധി നടപ്പാക്കരുതെന്ന് പറയുന്നില്ല. ബിജെപിയും ആർഎസ്എസും ശബരിമലയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ് ' ഇവരുടെ ബി ടീമായാണ് രമേശ് ചെന്നിത്തല പ്രവർത്തിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ അധ്യക്ഷനായി.