കുറച്ചു കറുത്ത കൊടി കാട്ടിയാൽ പതറിപ്പോകില്ല; ഒന്നും പറയിപ്പിക്കരുത്: ജലീൽ

മന്ത്രി കെ.ടി. ജലീൽ

മലപ്പുറം ∙ ബന്ധുനിയമന വിവാദത്തിൽ മുസ്‌ലിം ലീഗ് നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെ.ടി.ജലീൽ. തന്നെ മന്ത്രിയാക്കിയത് പാണക്കാട് തറവാട്ടിൽനിന്നല്ലെന്നും എകെജി സെന്ററിൽനിന്നാണെന്നും ജലീൽ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ കളരിയിൽനിന്ന് ആയിരം വർഷം അഭ്യാസം പഠിച്ചാലും സിപിഎം സംരക്ഷണയിലുള്ള ഒരാളെ തൊടാൻ യൂത്ത് ലീഗുകാർക്ക് കഴിയില്ല. കുറച്ചു കറുത്ത കൊടി കാട്ടിയാൽ പതറിപ്പോകും എന്നു കരുതരുത്. ഇസ്‌ലാമിക വിശ്വാസമനുസരിച്ചുള്ള ‘ഏഴു വൻ പാപങ്ങൾ’ ചെയ്തതു താനല്ല. തന്നെക്കൊണ്ട് അതൊന്നും പറയിപ്പിക്കരുതെന്നും ജലീൽ പറഞ്ഞു.

മലപ്പുറത്ത് സിപിഎം പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ വേദി വിട്ട ശേഷം പ്രസംഗിക്കുകയായിരുന്നു മന്ത്രി. ശബരിമല വിഷയത്തിൽ ലീഗ് നിലപാടിനെതിരെ ആഞ്ഞടിച്ച മുഖ്യമന്ത്രിയും അതിനു മുൻപ് പ്രസംഗിച്ച ടി.കെ.ഹംസയും ബന്ധുനിയമന വിവാദത്തെക്കുറിച്ചു പരാമർശിച്ചില്ല.