1.66 ബില്യൻ സുരക്ഷാ സഹായവും നിർത്തി യുഎസ്; ഇരുട്ടടിയേറ്റ് ഉലഞ്ഞ് പാക്കിസ്ഥാൻ

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ

വാഷിങ്ടൻ∙ സുരക്ഷാ സഹായമായി പാക്കിസ്ഥാനു നൽകിയിരുന്ന 1.66 ബില്യൻ യുഎസ് ഡോളർ പിന്‍വലിച്ചതായി പെന്റഗൺ അറിയിച്ചു. ഈ വർഷം ആദ്യം പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശ പ്രകാരമാണു നടപടിയെടുത്തത്. പ്രതിരോധ വകുപ്പ് വക്താവ് റോബ് മാനിങ്ങാണ് പാക്ക് സഹായം റദ്ദാക്കിയ കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പാക്കിസ്ഥാന്‍ നന്ദിയില്ലാത്ത രാജ്യമായതിനാലാണ് സഹായം നിര്‍ത്തലാക്കുന്നതെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

പാക്കിസ്ഥാന്റെ അയൽ രാജ്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന വിഭാഗങ്ങളെ അവര്‍ പ്രോൽസാഹിപ്പിക്കുകയാണെന്ന് യുഎസ് പ്രതിരോധ വിഭാഗം ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന ഡേവിഡ‍് സെഡ്നി പറഞ്ഞു. യുഎസ് മുഖ്യപ്രശ്നമായി കാണുന്ന ഇവർക്കെതിരെ പാക്കിസ്ഥാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പാക്ക് നേതാക്കള്‍ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷേ വാക്കുകൾക്കപ്പുറത്തേക്കു കാര്യമായൊന്നും സംഭവിച്ചിട്ടില്ല– സെഡ്നി പറ‍ഞ്ഞു.

വർഷങ്ങൾക്കു ശേഷമാണ് രാജ്യത്തിനെതിരെ നിൽക്കുന്നവർക്കെതിരെ നീങ്ങാൻ പാക്ക് സുരക്ഷാ സേന തയാറായത്. അയല്‍ രാജ്യങ്ങൾക്കു ഭീഷണിയാകുന്ന  താലിബാൻ, ലഷ്കറെ തയ്ബ തുടങ്ങിയ സംഘടനകൾക്കെതിരെയും സമാനമായ നടപടിയാണ് പാക്കിസ്ഥാന്‍ സ്വീകരിക്കേണ്ടത്. ഇതാണ് യുഎസും പ്രസിഡന്റ് ഡോണൾഡ് ട്രംപും ആവശ്യപ്പെടുന്നത്. എന്നാൽ ഇപ്പോഴും താലിബാൻ ആശ്രയിക്കുന്നത് പാക്കിസ്ഥാനെയാണ്. പണവും ആയുധങ്ങളും ലഭിക്കുന്നത് അവിടെ നിന്നാണ്. താലിബാൻ ഭീകരർ അഭയം തേടുന്നത് അവിടെയാണ്– സെഡ്നി ആരോപിച്ചു.

യുഎസ് സഹായങ്ങള്‍ നിലച്ചതോടെ സാമ്പത്തിക സഹായം തേടി യുഎഇ, ചൈന, സൗദി, മലേഷ്യ തുടങ്ങിയ രാഷ്ട്രങ്ങളെ സമീപിക്കുകയാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ചൈന, സൗദി രാഷ്ട്രങ്ങൾ 600 കോടി ഡോളറിന്റെ സഹായം പാക്കിസ്ഥാന് ലഭ്യമാക്കിയിരുന്നു. രണ്ടുമാസത്തിനിടെ സഹായം തേടി ഇമ്രാൻ രണ്ടാം തവണയും യുഎഇയിലെത്തിയിരുന്നു.