അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം; പൂര്‍ണ ബജറ്റുമായി മോദി സര്‍ക്കാര്‍

ന്യൂഡൽഹി∙ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ കയറുമെന്ന പ്രതീതി നിലനിർത്തി ഏപ്രിൽ ഒന്നിനു തുടങ്ങുന്ന സാമ്പത്തിക വർഷത്തിനായി പൂർണ ബജറ്റ് അവതരിപ്പിക്കാൻ മോദി സർക്കാർ ഒരുങ്ങുന്നു. ഫെബ്രുവരി ഒന്നിനു പൂർണ ബജറ്റ് അവതരിപ്പിക്കാനാണു ധനമന്ത്രാലയം തയറാകുന്നതെന്നു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

കാലാവധി കഴിയുന്ന സർക്കാർ കീഴ്‌വഴക്കം അനുസരിച്ച് വോട്ട് ഓൺ അക്കൗണ്ടാണ് പാസാക്കുന്നത്. ഇതിനു മാറ്റം വരുത്തി പൂർണ ബജറ്റ് അവതരിപ്പിക്കാനാണ് ധനമന്ത്രി അരുൺ ജയ്റ്റ്ലി ഒരുങ്ങുന്നത്. വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്ന ആത്മവിശ്വാസമാണ് സർക്കാർ ഇതുവഴി കാട്ടുന്നതെന്നാണ് വിലയിരുത്തുന്നത്.

ബജറ്റ് അവതരണത്തിന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു വിവിധ സർക്കാർ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങൾക്കും ധനമന്ത്രാലയം കത്തുകൾ അയച്ചിട്ടുണ്ട്. നവംബർ 30നകം ഇവ ലഭ്യമാക്കണമെന്നാണ് ആവശ്യം. ഒക്ടോബർ 18നാണ് ആദ്യം കത്തയച്ചത്. പിന്നീട് ഓർമിപ്പിക്കാനായി ചൊവ്വാഴ്ചയും കത്ത് അയച്ചു.