മുംബൈ ഭീകരാക്രമണം: പാക്ക് സര്‍ക്കാര്‍ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് ഇന്ത്യ

ഭീകരരുടെ ആക്രമണത്തിന് ഇരയായ താജ് ഹോട്ടൽ.

ന്യൂഡല്‍ഹി ∙ മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ പാക്കിസ്ഥാന് ആത്മാര്‍ഥതയില്ലെന്ന് ഇന്ത്യ.ആക്രമണത്തിന്റെ പത്താം വാര്‍ഷികത്തിലാണ് പാക്കിസ്ഥാനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. 166 പേരുടെ മരണത്തിന് ഉത്തരവാദികളായവരെ സ്വതന്ത്രമായി വിടുകയാണു പാക്കിസ്ഥാന്‍ ചെയ്യുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

ആക്രമണത്തിന്റെ ആസൂത്രകര്‍ ഇപ്പോഴും പാക്ക് വീഥികളിലൂടെ സുരക്ഷിതരായി നടക്കുകയാണ്. പാക്ക് മണ്ണില്‍നിന്നാണു മുംബൈ ആക്രമണം ആസൂത്രണം ചെയ്തു നടപ്പാക്കിയത്. പാക്ക് സര്‍ക്കാര്‍ ഇരട്ടത്താപ്പ് അവസാനിപ്പിച്ച് കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കാന്‍ തയാറാകണമെന്നു വീണ്ടും ആവശ്യപ്പെടുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പത്തു വര്‍ഷത്തിനു ശേഷവും 15 രാജ്യങ്ങളില്‍നിന്നുള്ള 166 പേരുടെ കുടുംബാംഗങ്ങള്‍ നീതിക്കു വേണ്ടി കാത്തിരിപ്പു തുടരുന്നത് അതിതീവ്രമായ വേദനയാണെന്നും ഇന്ത്യ വ്യക്തമാക്കി.

ലഷ്‌കറെ തയിബ ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്കെതിരേ പാക്കിസ്ഥാന്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന യുഎന്‍ നിര്‍ദേശത്തെ ഇന്ത്യ സ്വാഗതം ചെയ്തു.