'പാഴ്‌സല്‍ കുറുക്കന്റെ അടുത്തെത്തി': കസബിന്റെ വധശിക്ഷയിലെ അവസാന കോഡ്

മുംബൈ ∙‘പാഴ്‌സല്‍ കുറുക്കന്റെ അടുത്തെത്തി’ - രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ടു പിടിയിലായ അജ്മല്‍ കസബിനെ തൂക്കിലേറ്റുന്നതിനു മുമ്പു പൊലീസ് ഉപയോഗിച്ച അവസാന രഹസ്യകോഡാണിത്.

കസബിനെ മുംബൈയില്‍നിന്നു പുണെയിലേക്കു മാറ്റാന്‍ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ ഏഴു കോഡ് വാക്കുകളാണ് ഉപയോഗിച്ചത്. കസബിനെയും വഹിച്ചുകൊണ്ട് വാന്‍ വധശിക്ഷ നടപ്പാക്കേണ്ട ജയിലില്‍ എത്തിയെന്ന് ഉറപ്പാക്കുന്നതായിരുന്നു ‘പാഴ്‌സല്‍ കുറുക്കന്റെ അടുത്തെത്തി’ എന്ന രഹസ്യകോഡ്. അന്നത്തെ ആഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീലിനും വിരലില്‍ എണ്ണാവുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് ഈ രഹസ്യ കോഡുകള്‍ അറിയാമായിരുന്നത്.

മധ്യമുംബൈയിലെ അതിസുരക്ഷയുള്ള ആര്‍തര്‍ റോഡ് ജയിലിലെ ‘അണ്ഡാ സെല്ലില്‍’ നിന്നു വധശിക്ഷ നടപ്പാക്കിയ പുണെയിലെ യെര്‍വാദ സെന്‍ട്രല്‍ ജയിലിലേക്കു കസബിനെ മാറ്റാനായി സമര്‍ഥരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. 2012 നവംബര്‍ 20 ന് ജയലില്‍നിന്ന് ബുര്‍ഖ ധരിപ്പിച്ചാണ് കസബിനെ പൊലീസ് വാഹനത്തിലേക്കു കയറ്റിയതെന്ന് സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

‘കസബിനെ ജയില്‍ മാറ്റുകയെന്നത് വലിയ ഉത്തരവാദിത്തമായിരുന്നു. ശിക്ഷ നടപ്പാക്കുന്നതിന് ഏഴു ദിവസം മുമ്പ് കസബിന് മരണവാറന്റ് കൈമാറിയിരുന്നു. അത്യാധുനിക ആയുധങ്ങളുമായി പൊലീസിന്റെ ഫോഴ്‌സ് വണ്‍ കമാന്‍ഡോ സംഘം കസബിന്റെ വാഹനത്തെ പിന്തുടര്‍ന്നു. മുംബൈ-പുണെ എക്‌സ്പ്രസ്‌വേയിലൂടെ പോകുമ്പോള്‍ ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ സ്‌റ്റേറ്റ് റിസര്‍വ് പൊലീസിന്റെ സംഘം കുറച്ചു പിന്നിലായാണ് സഞ്ചരിച്ചത്.

രണ്ടു ഹാന്‍ഡ്‌സെറ്റുകള്‍ ഒഴികെ ഓപ്പറേഷനില്‍ പങ്കെടുത്ത എല്ലാ പൊലീസുകാരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത് ഒരു ബാഗിലാക്കി സൂക്ഷിച്ചു. മൂന്നു മണിക്കൂര്‍ നീണ്ട യാത്രയില്‍ കസബ് ഒരക്ഷരം പോലും ഉരിയാടിയില്ല. വെളുപ്പിന് മൂന്നു മണിക്ക് യെര്‍വാദ ജയില്‍ അധികൃതര്‍ക്കു കൈമാറുമ്പോഴും കസബിന്റെ പെരുമാറ്റത്തിനു യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ല.’ - പൊലീസ് ഉദ്യോഗസ്ഥന്‍ ഓര്‍മിച്ചു. പിറ്റേന്ന്, നവംബര്‍ 21-ന് പൊലീസുകാരുടെ മൊബൈല്‍ ഫോണുകള്‍ വീണ്ടും ഓണ്‍ ആയപ്പോഴേക്കും കസബിനെ തൂക്കിലേറ്റിയ വാര്‍ത്ത ലോകമെങ്ങും അറിഞ്ഞിരുന്നു.