വിപണിയിൽ ലാഭമെടുക്കൽ പ്രവണത; രൂപ നില മെച്ചപ്പടുത്തി: ഐടി ഇൻഡെക്സിൽ ഇടിവ്

കൊച്ചി ∙ ഡോളറിനെതിരെ ഇന്ത്യൻ രൂപ നില മെച്ചപ്പെടുത്തിയതോടെ ഐടി ഇൻഡെക്സിൽ കനത്ത ഇടിവ്. ഐടി സ്റ്റോക്കുകൾക്ക് 1.52 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഓഹരി വിപണി ഇന്നു രാവിലെ വ്യാപാരം ആരംഭിക്കുമ്പോൾ നേരിയ വർധന രേഖപ്പെടുത്തിയെങ്കിലും നിഫ്റ്റി 10600ന് താഴെ തുടരുന്നതിനാൽ നിക്ഷേപകരിൽ ലാഭമെടുക്കൽ പ്രവണതയാണ് പ്രകടമാകുന്നത്.

കഴിഞ്ഞയാഴ്ച 10526.75 ൽ ക്ലോസ് ചെയ്ത നിഫ്റ്റി ഇന്ന് 10568.30 നാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സാകട്ടെ 33981.02 ൽ നിന്ന് 35118.09 ന് വ്യാപാരം ആരംഭിച്ചു. തുടർന്ന് 34953.87 വരെ ഇടിവു രേഖപ്പെടുത്തി. മറ്റ് ഏഷ്യൻ വിപണികളിലുണ്ടായ ഒരു പോസിറ്റീവ് പ്രവണതയുടെ ചുവടു പിടിച്ചാണ് ഇന്ത്യൻ വിപണി രാവിലെ പോസിറ്റീവായി ഓപ്പൺ ചെയ്തത്.

യുഎസ്, യൂറോപ്പ് വിപണി കഴിഞ്ഞയാഴ്ച വിൽപനസമ്മർദത്തിലാണ് ക്ലോസ് ചെയ്തിരുന്നത് എങ്കിലും മോർഗൻ സ്റ്റാൻലി എമേർജിങ് മാർക്കറ്റുകളെ അപ്ഗ്രേഡ് ചെയ്തത് ഏഷ്യൻ വിപണികൾക്ക് ഗുണകരമായ പ്രവണതയാണ് സമ്മാനിച്ചത്.

നിഫ്റ്റി ഇന്ന് 10600 ന് താഴെ വ്യാപാരം തുടരുന്നതിനാൽ നെഗറ്റീവ് പ്രവണത നിലനിൽക്കാനാണു സാധ്യതയെന്ന് സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു. നിഫ്റ്റി ഇന്ന് 10500–10465–10440 എന്നതായിരിക്കും സപ്പോർട്ട് ലവലുകൾ.

അതേസമയം 10555–10585 എന്ന റസിസ്റ്റൻസ് ലെവലാണ് പ്രതീക്ഷിക്കുന്നത്. എഫ്എംസിജി, ഫിനാൻഷ്യൽ സർവീസസ് മീഡിയ സെക്ടറുകൾ പോസിറ്റീവായും മെറ്റൽ, ഫാർമ, ഐടി, ഓട്ടോ സെക്ടറുകൾ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

വിപണിയിൽ 645 സ്റ്റോക്കുകൾ പോസിറ്റീവ് പ്രവണതയിൽ വ്യാപാരം തുടരുമ്പോൾ 973 സ്റ്റോക്കുകളും നഷ്ടത്തിലാണ്. ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്, ഹിന്ദു പെട്രോ, ഹിന്ദു യുണിലിവർ സ്റ്റോക്കുകളിൽ ഇപ്പോൾ പോസിറ്റീവ് വ്യാപാരമാണുള്ളത്. അതേസമയം യെസ്ബാങ്ക്, ഒഎൻജിസി, ടെക് മഹിന്ദ്ര, സൺ ഫാർമ സ്റ്റോക്കുകൾ നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

മറ്റ് ഏഷ്യൻ വിപണികളെ അപേക്ഷിച്ച് ഇന്ത്യൻ വിപണി അത്ര മെച്ചപ്പെട്ട നിലയിലല്ല ഇപ്പോഴുള്ളത്. സംസ്ഥാന തിരഞ്ഞെടുപ്പുകൾ നടക്കുന്നതിൽ നിലനിൽക്കുന്ന ആശങ്ക ഇന്ത്യൻ വിപണിയെ ബാധിക്കുന്നുണ്ടെന്ന് ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു. ക്രൂഡോയിലിനുണ്ടായ തുടർച്ചയായ വിലയിടിവ് ഇന്ത്യൻ വിപണിയെ സഹായിക്കുന്നുണ്ട്.

ഇന്ന് പൊതുവേ ഓയിൽ മാർക്കറ്റിങ് കമ്പനികൾ മെച്ചപ്പെട്ട തുടക്കത്തിലാണ്. ഈയാഴ്ച ഓഹരി വിപണിക്ക് അനുകൂലമായ പല വാർത്തകളും എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ പുരോഗമനപരമായ പ്രവണത ദൃശ്യമാകാമെന്നാണ് വിലയിരുത്തൽ. നവംബർ മാസത്തിലെ എഫ്ആൻഡ് ഒ എക്സ്പയറി വ്യാഴാഴ്ചയാണ്. യുഎസ് ഫെഡിന്റെ കഴിഞ്ഞ മീറ്റിങ്ങിന്റെ മിനിറ്റ്സ് വിവരങ്ങൾ പുറത്തു വരാനിരിക്കുന്നു.

ഇന്ത്യയുടെ ജി‍ഡിപി ഡേറ്റ വെള്ളിയാഴ്ച പുറത്തു വരാനിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളിൽ മാർക്കറ്റ് കൺസോളിഡേറ്റ് ചെയ്യാനാണ് സാധ്യത. എച്ച്ഡിഎഫ്സി, എൽആൻഡ്ടി തുടങ്ങിയ ഓഹരികളിൽ തുടർന്നും മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. ഓയിൽ ആൻഡ് ഗ്യാസ് സെക്ടറിൽ പെട്ട പെട്രോ നെറ്റ് ഐജിഎൽ എംജിൽ തുടങ്ങിയ സ്റ്റോക്കുകളിലും ഒരു മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നതെന്ന് ബിനു ജോസഫ് പറയുന്നു.

ഡോളറിനെതിരെ ഇന്ത്യൻ രൂപ ഈ ദിവസങ്ങളിൽ നില മെച്ചപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം 70.70ൽ ക്ലോസ് ചെയ്ത രൂപ ഇന്ന് ഒരുവേള 70.30 വരെ വന്നിരുന്നു. ഇപ്പോൾ 70.57 നാണ് വ്യാപാരം പുരോഗമിക്കുന്നത്.