പരീക്ഷാക്രമക്കേട്: വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം അക്രമാസക്തമായി

കൊല്ലം∙ ക്രമക്കേടിന്റെ പേരിൽ പരീക്ഷഹാളിൽനിന്നു പുറത്താക്കപ്പെട്ട വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഫാത്തിമ മാതാ നാഷനൽ കോളജിനു മുന്നിൽ വിവിധ വിദ്യാർഥിസംഘടനകൾ നടത്തിയ പ്രതിഷേധസമരം അക്രമാസക്തമായി. കോളജ് അധികൃതർ‍ മാനസികമായി പീഡിപ്പിച്ചതാണു രാഖി കൃഷ്ണ എന്ന ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിനി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കാൻ കാരണമെന്ന് ആരോപിച്ചും മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുമാണ് എസ്എഫ്ഐ, കെഎസ്‍‌യു, എഐഎസ്എഫ്, എബിവിപി എന്നീ സംഘടനകൾ സമരം നടത്തിയത്.

കോളജിനു മുന്നിലെ ബോർഡ് അടിച്ചു തകർത്ത എസ്എഫ്ഐ പ്രവർത്തകർ, മതിൽ ചാടിക്കടന്ന് സെക്യൂരിറ്റിയുടെ മുറിയും തകർത്തു. പ്രവർത്തകരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. നാളെ കൊല്ലം ജില്ലയിൽ വിദ്യാഭ്യാസബന്ദ് നടത്തുമെന്ന് എസ്എഫ്ഐയും കെഎസ്‌യുവും പ്രഖ്യാപിച്ചിട്ടുണ്ട്. കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഇന്നലെ രാത്രി നഗരത്തിൽ അഞ്ചുകല്ലുംമൂടിൽ കോളജിലെ ഒരു അധ്യാപകന്റെ വീടിനു നേരെയുണ്ടായ കല്ലേറിൽ ജനാലച്ചില്ല് തകർന്നു. പരീക്ഷാച്ചുമതലയുണ്ടായിരുന്ന അധ്യാപകനാണ് ഇദ്ദേഹം.

ബുധനാഴ്ച ഉച്ചയ്ക്ക് സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിനു സമീപത്തെ റെയിൽപാളത്തിൽ തിരുവനന്തപുരം – ന്യൂഡൽഹി കേരള എക്സ്പ്രസ് ഇടിച്ചാണു രാഖിയുടെ (19) മരണം. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നു സംസ്കരിച്ചു.