ശബരിമല: ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിക്കെതിരെ സര്‍ക്കാര്‍

ശബരിമല ക്ഷേത്രത്തിൽ ഞായറാഴ്ച പതിനെട്ടാംപടി കയറുന്ന ഭക്തർ. ചിത്രം: രാഹുൽ ആർ. പട്ടം

തിരുവനന്തപുരം∙ ശബരിമല വിഷയത്തില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷകസമിതിക്കെതിരെ സര്‍ക്കാര്‍.  നടപടി ഭരണഘടനാവിരുദ്ധമെന്ന് കാണിച്ച് സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. വിധി നടപ്പിലാക്കാന്‍ ഹൈക്കോടതിയല്ല മേല്‍നോട്ടം വഹിക്കേണ്ടതെന്നാണ് സർക്കാർ വാദം. ആവശ്യമെങ്കില്‍ സുപ്രീംകോടതി മേല്‍നോട്ടസമിതിയെ നിയോഗിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും.

ഹൈക്കോടതി നിയമിച്ച നിരീക്ഷക സമിതി മറ്റന്നാൾ ശബരിമല സന്ദര്‍ശിക്കാനിരിക്കെയാണ് സർക്കാർ രംഗത്തെത്തിയത്. അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താനാണു സന്ദര്‍ശനം. നിരോധനാജ്ഞ ഹൈക്കോടതി പരിഗണിക്കുന്ന വിഷയമായതിനാൽ തല്‍ക്കാലം സമിതി ഇടപെടില്ല.

ശബരിമലയിലെ സൗകര്യങ്ങള്‍ പൊതുവില്‍  വിലയിരുത്തിയെന്നും സമിതി അറിയിച്ചു. സമിതി അംഗങ്ങളായ ജസ്റ്റിസ് പി.ആര്‍. രാമന്‍, ജസ്റ്റിസ് എസ്.സിരിജഗന്‍, ഡിജിപി എ.ഹേമചന്ദ്രന്‍ എന്നിവരാണു യോഗത്തില്‍ പങ്കെടുത്തത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അടക്കമുള്ളവരും പങ്കെടുത്തു.