വനിതാ മതിലുമായി എൻഎസ്എസും യുഡിഎഫും സഹകരിക്കണം: കോടിയേരി

തിരുവനന്തപുരം∙ ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിൽ പരിപാടിയുമായി എൻഎസ്എസ് സഹകരിക്കാൻ തയാറാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നവോത്ഥാന മൂല്യങ്ങള്‍ ഉയർത്തിപ്പിടിച്ച മന്നത്ത് പത്മനാഭന്റെ പാരമ്പര്യം എൻഎസ്എസ് പിന്തുടരണം. സ്ത്രീ–പുരുഷ സമത്വത്തിനുള്ള സർക്കാർ പരിപാടിയാണ് ഇത്. യുഡിഎഫ് അനുഭാവികളായ സ്ത്രീകളെ പങ്കെടുപ്പിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായാണു ജനുവരി ഒന്നിന് കാസർകോട് മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ പടുത്തുയർത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന സാമൂഹിക സാമുദായിക സംഘടനകളുടെ യോഗത്തിലാണു തീരുമാനമായത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെയർമാനും കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാർ കൺവീനറും ആയി സമിതിയും രൂപീകരിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എൻഎസ്എസ് പങ്കെടുത്തിരുന്നില്ല. യോഗത്തിന് എൻഎസ്എസ് വരേണ്ടതായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീടു പ്രതികരിച്ചു. പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണമാണു വനിതാ മതിലെന്നാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്.