മാരക വിഷാംശം: 45 കമ്പനികളുടെ വെളിച്ചെണ്ണ നിരോധിച്ചെന്നു മന്ത്രി

തിരുവനന്തപുരം: ഈ സര്‍ക്കാര്‍ വന്നശേഷം 45 കമ്പനികളുടെ വെളിച്ചെണ്ണ നിരോധിച്ചിട്ടുണ്ടെന്നു കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു. പാരാഫിന്‍ ഉള്‍പ്പെടെയുള്ള മാരകമായ വിഷാംശങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നിരോധിച്ചത്‌. കേര ഫെഡിന്റെ കേര വെളിച്ചെണ്ണക്ക്‌ സമാനമായ കേര ചേര്‍ത്തുള്ള പേരുകള്‍ ഉപയോഗിച്ച്‌ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചാണ്‌ ഇത്തരത്തില്‍ വില്‍പ്പന നടത്തുന്നത്‌. ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

റബറിന്റെ മൂല്യവര്‍ധിത ഉള്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനു സിയാല്‍ മോഡല്‍ കമ്പനി രൂപീകരിക്കും. സര്‍ക്കാരിന്റെയും കര്‍ഷകരുടെയും സംയുക്ത സംരംഭമായാണ്‌ കമ്പനി രൂപീകരിക്കുക. റബറൈസ്ഡ്‌ റോഡ്‌ നിര്‍മാണത്തിനായി നയപരമായ തീരുമാനം എടുക്കേണ്ടത്‌ കേന്ദ്ര സര്‍ക്കാരാണ്‌. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ കേന്ദ്രത്തിനു നല്‍കിയിട്ടുണ്ട്‌. ഇതു പരിഗണനയിലാണെന്നു കേന്ദ്രം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

സര്‍വകലാശാല പരീക്ഷകള്‍ യഥാസമയം നടത്തുന്നതിനും ഫലം സമയബന്ധിതമായി പ്രസിദ്ധീകരിക്കുന്നതിനും പൊതു അക്കാദമിക്‌ കലണ്ടര്‍ രൂപീകരിക്കുമെന്ന്‌ മന്ത്രി കെ.ടി ജലീല്‍ സഭയില്‍ അറിയിച്ചു. പ്രവേശനം, പരീക്ഷ നടത്തിപ്പ്‌, ഫലപ്രഖ്യാപനം എന്നിവയ്ക്കായി ഒരു ഏകീകൃത കലണ്ടറാണ്‌ കൊണ്ടുവരിക. ഇതിനായി പ്രോ-വൈസ്‌ ചാന്‍സലര്‍ അംഗങ്ങളായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്‌. പരീക്ഷാ വിവരങ്ങള്‍ രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും മൊബൈലിലേക്ക്‌ കൃത്യമായി നല്‍കുന്നത്‌ പരിഗണനയിലാണെന്ന്‌ വി.ജോയിയെ മന്ത്രി അറിയിച്ചു. 

പത്തു വര്‍ഷത്തിനുള്ളില്‍ 70,443 ബസ്‌ അപകടങ്ങൾ, 9,928 മരണം

പത്തു വര്‍ഷത്തിനുള്ളില്‍ 70,443 ബസ്‌ അപകടങ്ങളിലായി 9,928 പേര്‍ മരിച്ചതായി മന്ത്രി എ.കെ.ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചു. 2008 മുതല്‍ 18 വരെ 55,217 സ്വകാര്യ ബസ്‌ അപകടങ്ങളിലായി 7,293 പേരും 2006 മുതല്‍ 18 വരെ 15,226 കെഎസ്ആര്‍ടിസി ബസ്‌ അപകടങ്ങളിലായി 2,635 പേരും ആണ്‌ മരിച്ചത്‌.

ബസുകളുടെ മത്സര ഓട്ടം ഡ്രൈവര്‍മാരുടെ അശ്രദ്ധ എന്നിവയാണ്‌ അപകടകാരണം. ഇതിനെതിരെ ഡ്രൈവര്‍മാരുടെ ലൈസന്‍സ്‌ സസ്‌പെന്റ്‌ ചെയ്യുന്നതുള്‍പ്പെടെ ശക്തമായ നടപടി എടുക്കും. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ 54,32 ഡ്രൈവര്‍മാര്‍ക്കെതിരെ ഇത്തരത്തില്‍ നടപടിയെടുത്തതായി കെ.ജെ.മാക്‌സിയുടെ ചോദ്യത്തിനു മന്ത്രി മറുപടി നല്‍കി. ദീര്‍ഘദൂര സര്‍വ്വീസുകളില്‍ നിശ്ചിത സമയത്തിനുശേഷം ക്രു ചെയ്‌ഞ്ച്‌ സംവിധാനം നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. 

ഡ്രൈവിങ് ലൈസന്‍സ്‌ ആര്‍സി ബുക്ക്‌ ഇന്‍ഷുറന്‍സ്‌ തുടങ്ങി വാഹനത്തില്‍ സൂക്ഷിക്കേണ്ട രേഖകള്‍ ഡിജിറ്റല്‍ ആക്കി മൊബൈല്‍ ഫോണില്‍ സൂക്ഷിച്ച്‌ വാഹന പരിശോധനാ സമയത്തു കാണിക്കാവുന്ന ഡിജി ലോക്കര്‍ സംവിധാനം സംസ്ഥാനത്തു നടപ്പിലാക്കിയിട്ടില്ലെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍, കെഎന്‍എ ഖാദറെ അറിയിച്ചു. നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും ഇതിന്‌ ആവശ്യമായ ഭേദഗതി വരുത്താത്തതാണ്‌ കാരണം.