നരേന്ദ്ര മോദിയെ പിന്തുണയ്ക്കാന്‍ സമയമായി; പാക്കിസ്ഥാന് അമേരിക്കയുടെ സന്ദേശം

യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജി20 ഉച്ചകോടിക്കിടെ. (ചിത്രം: ട്വിറ്റര്‍)

വാഷിങ്ടന്‍ ∙ ദക്ഷിണേഷ്യന്‍ സമാധാന പ്രക്രിയയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കാന്‍ സമയമായെന്ന് പാക്കിസ്ഥാന് അമേരിക്കയുടെ ശക്തമായ സന്ദേശം.

ഐക്യരാഷ്ട്ര സംഘടന, നരേന്ദ്ര മോദി, അഫ്ഗാനിസ്ഥാന്‍ തുടങ്ങി സമാധാനത്തിനായി നിലകൊള്ളുന്നവരെ പിന്തുണയ്ക്കണമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.

യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് അഫ്ഗാന്‍ സമാധാന പ്രക്രിയ സംബന്ധിച്ച അയച്ച കത്തിനെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു ജിം മാറ്റിസ്. അഫ്ഗാന്‍ വിഷയത്തില്‍ നല്‍കുന്ന പൂര്‍ണ പിന്തുണയാവും യുഎസ് - പാക് ബന്ധത്തിന്റെ അടിസ്ഥാനമെന്നു ട്രംപ് കത്തില്‍ വ്യക്തമാക്കിയിരുന്നു. 

ഉപഭൂഖണ്ഡത്തിലെ സമാധാനത്തിനായും അഫ്ഗാന്റെ പുനര്‍നിര്‍മാണത്തിനായും ഉത്തരവാദിത്തമുള്ള എല്ലാ രാജ്യങ്ങളും പിന്തുണ നല്‍കണമെന്നു ജിം മാറ്റിസ് വ്യക്തമാക്കി.

ഐക്യരാഷ്ട്ര സംഘടന, നരേന്ദ്ര മോദി, അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി തുടങ്ങി സമാധാനപരമായ പുതുലോകത്തിനായി ശ്രമിക്കുന്നവരെ പിന്തുണയ്ക്കണം. അഫ്ഗാന്‍ ജനതയെ സംരക്ഷിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ജിം മാറ്റിസ് പറഞ്ഞു.