പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മൂന്ന് പേര്‍ വിദേശത്തേക്ക് കടന്നു

കേസില്‍ നേരത്തെ പിടിയിലായവര്‍

തളിപ്പറമ്പ്∙ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പ്രതികള്‍ വിദേശത്തേക്ക് കടന്നു. കേസ് പുറത്ത് വരുന്നതിന് രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ വിദേശത്തേക്കു പോയത്. പറശ്ശിനിക്കടവ് കോള്‍മൊട്ടയില്‍ വച്ച് പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച ഷില്‍ജേഷ്,പഴയങ്ങാടി മാട്ടൂലില്‍ വച്ച് പീഡിപ്പിച്ച മാട്ടൂല്‍ ഗവ ഹൈസ്കൂളിന് സമീപം ഷിനോസ്, മാട്ടൂലിലെ മുനീസ് മുസ്തഫ എന്നിവരാണു വിദേശത്തേക്ക് പോയത്. ഇവരുടെ പാസ്പോര്‍ട്ട് റദ്ദാക്കാന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചതായി കേസ് അന്വേഷിക്കുന്ന തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ പറഞ്ഞു.

തളിപ്പറമ്പ് പൊലീസ് സബ് ഡിവിഷന് കീഴില്‍ സംഭവത്തില്‍ 9 കേസുകളാണ് ഉള്ളത്. തളിപ്പറമ്പ്, പഴയങ്ങാടി പൊലീസ് സ്റ്റേഷനുകളില്‍ നാല് വീതവും കുടിയാന്‍മലയില്‍ ഒരു കേസുമാണ് ഉള്ളത്. ഇതിലെ 13 പ്രതികളില്‍ വിദേശത്തു കടന്നവര്‍ ഒഴികെ പത്ത് പേരെയും അറസ്റ്റ് ചെയ്തു. ശ്രീകണ്ഠപുരത്തെ ഒരു നഗരസഭ കൗണ്‍സിലറുടെ ഫോണ്‍ നമ്പറും ഇയാള്‍ വിളിച്ചതിന്റെ വിവരങ്ങളും പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നു പൊലീസിനു ലഭിച്ചിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് പെണ്‍കുട്ടി പരാതിയില്‍ സൂചിപ്പിക്കാത്തതിനാല്‍ വീണ്ടും കുട്ടിയുടെ മൊഴി എടുത്ത് പരിശോധിച്ചതിന് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമാവുകയുള്ളൂ.

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മൊഴി വീണ്ടും മജിസ്ട്രേറ്റ് മുന്‍പാകെ രേഖപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും വനിതാ മജിസ്ട്രേറ്റ് വേണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതിനാല്‍ സാധിച്ചില്ല. ഇനി വനിതാ മജിസ്ട്രേറ്റ് മുന്‍പാകെ കുട്ടിയെ ഹാജരാക്കും.

കഴിഞ്ഞ ഒക്ടോബറിലാണു നിഖിലും മൃദുലും പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചത്. ഇവർ പെൺകുട്ടിയെ നിരന്തരം ഫോണിൽ ഭീഷണിപ്പെടുത്തിയിരുന്നു. പൈതൽമല വിനോദസഞ്ചാര കേന്ദ്രത്തോടു ചേർന്ന റിസോർട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലാണു മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പീഡനക്കേസിൽ ലോഡ്ജ് ജിവനക്കാരനടക്കം 5 പേരെ അറസ്റ്റ് ചെയ്തിരുന്നു.