ഇരുളിന്റെ മറവിൽ ഒഴുകിയെത്തും കൃത്രിമ എണ്ണ; പുലരും മുമ്പേ വെളിച്ചെണ്ണയായി വിപണിയിൽ

ഇരുളിന്‍റെ മറവിലാണ് കേരളത്തിലേക്കുളള വ്യാജ എണ്ണയുടെ കടത്ത്. രാത്രിയില്‍ കേരളത്തിലെത്തിക്കുന്ന വ്യാജ എണ്ണ നേരം പുലരും മുമ്പേ പല പേരുകളുളള വെളിച്ചെണ്ണ കമ്പനികളുടെ പാക്കറ്റില്‍ വിപണിയിലെത്തും വിധമാണ് തട്ടിപ്പുകാരുടെ പ്രവര്‍ത്തനം. സംശയം തോന്നാതിരിക്കാന്‍ കേരള രജിസ്ട്രേഷന്‍ ലോറികളിലാണ് തമിഴ്നാട്ടിലെ വ്യാജ എണ്ണക്കച്ചവടക്കാര്‍ സംസ്ഥാനത്ത് കളള വെളിച്ചെണ്ണ ഒഴുക്കുന്നതെന്നും മനോരമ ന്യൂസ് അന്വേഷണത്തില്‍ വ്യക്തമായി.   

കോഴിക്കോട്ടെ പ്രമുഖ വെളിച്ചെണ്ണ വ്യാപാരികളിലൊരാളുടെ ഗോഡൗണിലേക്കാണ് ലോറിയുടെ രാത്രി യാത്ര. തമിഴ്നാട്ടുകാരാണ് ലോറിയുടെ ഉടമകളെങ്കിലും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത വണ്ടിയിലാണ് വ്യാജ എണ്ണയുടെ കടത്ത്. കാര്യമായ പരിശോധനകളില്ലാതെ കടന്നു പോകാനാണ് ഈ തന്ത്രം. കാങ്കയത്തെ വ്യാപാരിയുമായി മുന്‍കൂര്‍ പറഞ്ഞുറപ്പിച്ചതനുസരിച്ച് പാതിവഴിയില്‍ വണ്ടി നിര്‍ത്തിയ ഡ്രൈവര്‍ ഞങ്ങള്‍ക്കുളള സാമ്പിള്‍ കൈമാറി.

എല്ലാ ദിവസവും രാത്രി റിഫൈന്‍ഡ് ഒായില്‍ എന്ന ഈ വ്യാജ എണ്ണയുമായി  ലോറി എത്താറുണ്ടെന്ന്  ഡ്രൈവര്‍ വെളിപ്പെടുത്തി.  കാങ്കയത്തു നിന്ന് എന്നും വൈകിട്ട് പുറപ്പെടും. അര്‍ധരാത്രിയോടെ കേരളത്തിലെ വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ  മിക്സിങ് യൂണിറ്റുകളിലെത്തിക്കും. 

കേരളത്തിലെ തട്ടിപ്പ് വെളിച്ചെണ്ണ കമ്പനികളില്‍ മിക്കതും വ്യാജ എണ്ണയെത്തിക്കുന്നത് ഇങ്ങനെ കങ്കയത്തു നിന്നാണ്. പക്ഷേ കച്ചവടക്കാര്‍ തമ്മില്‍ തമ്മില്‍ ഇതേ കുറിച്ചറിയാതിരിക്കാനും വ്യാജ എണ്ണയുടെ മൊത്തക്കച്ചവടക്കാര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുന്നുണ്ട്.