ഇന്ത്യൻ വിപണിയിൽ കനത്ത ഇടിവ്; രൂപയ്ക്കും മൂല്യത്തകർച്ച

കൊച്ചി∙ എക്സിറ്റ് പോൾ ഫലങ്ങൾക്കും യുഎസ് വിപണിയിലെ ഇടിവിനും പിന്നാലെ ഇന്ത്യൻ വിപണിയിൽ ശക്തമായ കരടിപ്പാച്ചിൽ. ‍ഇന്ത്യൻ വിപണിയിൽ ഒന്നര ശതമാനത്തിനടുത്ത് ഇടിവാണ് ഇന്നു മാത്രം രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം 10693.70ന് ക്ലോസ് ചെയ്ത നിഫ്റ്റി ഇന്നു രാവിലെ 10508.7നാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് നേരിയ ഉയർച്ചയുണ്ടായെങ്കിലും നിഫ്റ്റി ശക്തമായ വിൽപന പ്രവണതയാണ് രേഖപ്പെടുത്തുന്നത്.  35673.25ന് ക്ലോസ് ചെയ്ത സെൻസെക്സ് 35204.66നാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. സെൻസെക്സിലും ശക്തമായ ഇടിവുതന്നെയാണ് രേഖപ്പെടുത്തുന്നത്. 

വിപണിയിൽ എല്ലാ സെക്ടറുകളിലും നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. റിയൽറ്റി, ബാങ്ക്, ഫിനാൻഷ്യൽ സർവീസസ്, ഫാർമ സെക്ടറുകളാണ് ഏറ്റവും കനത്ത നഷ്ടം നേരിടുന്ന സെക്ടറുകൾ. വിപണിയിൽ 1359 സ്റ്റോക്കുകളും നഷ്ടത്തിലാണ്. 293 സ്റ്റോക്കുകൾ മാത്രം പോസിറ്റീവ് പ്രവണത പ്രകടമാക്കുന്നു. ഐഒസി, ഹിന്ദു പെട്രോ, ബിപിസിഎൽ, മാരുതി സ്റ്റോക്കുകൾ പോസിറ്റീവാണ്. കൊട്ടാക് ബാങ്ക്, റിലയൻസ്, ഇന്ത്യാ ബുൾ ഫിനാൻസ്, അൾട്രാ സിമന്റ് സ്റ്റോക്കുകളാണ് ഏറ്റവും കനത്ത നഷ്ടം നേരിടുന്നത്. നിഫ്റ്റിയിൽ 43 സ്റ്റോക്കുകളും നഷ്ടം നേരിടുകയാണ്. ഏഴു സ്റ്റോക്കുകൾ മാത്രം പോസിറ്റീവായി വിപണിയിൽ നിൽക്കുന്നു. 

രാജ്യാന്തര വിപണിയിൽ യൂറോപ്പ് പോസിറ്റീവായിരുന്നെങ്കിലും യുഎസ് മാർക്കറ്റ് നെഗറ്റീവായാണ് കഴിഞ്ഞയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. അതിന്റെ ചുവടു പിടിച്ച് ഏഷ്യൻ മാർക്കറ്റുകളെല്ലാം കനത്ത നഷ്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയ്ക്ക് 10485 ആയിരിക്കും ഇന്നത്തെ സപ്പോർട് ലവൽ. അതിനും താഴേയ്ക്ക് വന്നാൽ 10430 വരെ എത്തിയേക്കാം.

10550 പോയിന്റ് ആണ് ഇന്നത്തെ നിഫ്റ്റിയുടെ റെസിസ്റ്റൻസ് ലവൽ. അതേ സമയം വിപണിയിൽ ഉയർച്ച പ്രകടമായാൽ 10600 വരെ എത്തിയേക്കാമെന്ന് സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു. ഇന്ന് 10600ന് താഴെയാണ് ക്ലോസിങ്ങെങ്കിൽ വരും ദിവസങ്ങളിലും വിപണിയിൽ വിൽ‍പന പ്രവണത തുടരുമെന്നു തന്നെയാണ് വിലയിരുത്തൽ. 

ഡോളറിനെതിരെ ഇന്ത്യൻ രൂപയ്ക്ക് മൂല്യത്തകർച്ചയാണ് പ്രകടമാകുന്നത്. കഴിഞ്ഞ ദിവസം 70.80ന് ക്ലോസ് ചെയ്ത ഇന്ത്യൻ രൂപ 71.32നാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്. ക്രൂഡ് വിലയിലും നേരിയ ഇടിവാണ് പ്രകടമാകുന്നത്.