വിദേശമദ്യ ഇടപാടിൽ അഴിമതി; സര്‍ക്കാരിനെതിരേ പുതിയ ആരോപണവുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം∙ സംസ്ഥാന സര്‍ക്കാരിനെതിരെ പുതിയ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്. വിദേശനിര്‍മിത വിദേശമദ്യം വില്‍ക്കാനുളള  അനുമതിക്കു പിന്നില്‍ അഴിമതിയുണ്ടെന്നു മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. മന്ത്രിസഭ തീരുമാനിക്കാതെയാണ് അനുമതി നല്‍കിയത്.

വിദേശത്തെ മദ്യമാഫിയയെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ കളളക്കളി നടത്തി. വിദേശകമ്പനികളുമായി രഹസ്യ ഇടപാടു നടന്നിട്ടുണ്ട്. എത്രകോടിയുടേതാണ് ഈ ഇടപാടെന്നു പുറത്തുവരണം. കേരളത്തെ മദ്യത്തില്‍ മുക്കാനാണു സര്‍ക്കാരിന്റെ നീക്കമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.

വിദേശനിര്‍മിത വിദേശ മദ്യവും വൈനും ബാറുകള്‍ വഴിയും ബീയര്‍ പാര്‍ലറുകള്‍ വഴിയും വില്‍പ്പന നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ വാര്‍ത്ത മനോരമ ഓണ്‍ലൈനാണു പുറത്തുവിട്ടത്. നേരത്തേ ബവ്‌റിജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലറ്റ് വഴി വിദേശനിര്‍മിത വിദേശ മദ്യവും വൈനും വില്‍ക്കുന്നതിനു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി വില്‍പ്പന ആരംഭിച്ചതിനു പിന്നാലെയാണ് ബാറുകള്‍ക്കും ബിയര്‍ പാര്‍ലറുകള്‍ക്കും മദ്യവില്‍പ്പനയ്ക്ക് അനുമതി നല്‍കിയത്. ബാറുകളിലൂടെ വിദേശമദ്യവും ബീയര്‍ പാര്‍ലറുകളിലൂടെ വിദേശ ബീയറും വൈനും വില്‍ക്കാം. ബാര്‍ ഉടമകളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതു സംബന്ധിച്ച് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങിന്റെ ഉത്തരവ് പുറത്തിറങ്ങി